Skip to main content

കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം  9 മുതല്‍

കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം മാര്‍ച്ച് 9 മുതല്‍ 11 വരെ സംഘടിപ്പിക്കുന്നു. പ്രദര്‍ശനം ഒന്‍പതിന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം കരുതണം. പ്രദര്‍ശനത്തോടനുബന്ധിച്ച്  അലങ്കാരച്ചെടികളുടെ വില്‍പനയുണ്ടായിരിക്കും.
വൈവിധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിധ്യം കൊണ്ടും  ശ്രദ്ധേയമാണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഔഷധസസ്യങ്ങള്‍, പന്നല്‍ച്ചെടികള്‍, ഇഞ്ചിവര്‍ഗങ്ങള്‍, ജലസസ്യങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍, സ്വദേശിയും വിദേശിയുമായ അപൂര്‍വയിനം വൃക്ഷങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
കാഴ്ച പരിമിതിയുള്ളവര്‍ക്കു വേണ്ടിയുള്ള ടച്ച് ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.  ഈ വിഭാഗത്തില്‍ അറുപതിലേറെ ഇനങ്ങളിലായുള്ള സസ്യങ്ങളെ അവയുടെ ഗന്ധത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. ആനത്താമര മുതല്‍ ഇരപിടിയന്‍ ചെടികള്‍ വരെയുള്ള സസ്യവൈവിധ്യം  ഇവിടെയുണ്ട്. കാനനപാതയിലൂടെ നടന്നാസ്വദിക്കാനുള്ള അപൂര്‍വ അനുഭവമാണ്  മൂന്നു ദിവസങ്ങളിലായുള്ള പ്രദര്‍ശനം.

date