Skip to main content

കോളറ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി

ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ പെട്ട 7 പേര്‍ക്കാണ് നിലവില്‍ കോളറ സ്ഥിരീകരിച്ചിട്ടുള്ളത്. സമാന രോഗലക്ഷണങ്ങളുമായി മറ്റു 22 പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. 6 പേര്‍ വഴിക്കടവ് സി.എച്ച്.സിയില്‍ നിരീക്ഷണത്തിലുമാണ്.
വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടന്‍ പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളില്‍ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത്; ഇത് മലിനജലം കൂടുതല്‍ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവന്‍ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
കോളറ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കാരക്കോടന്‍ പുഴയിലെ ജലനിധിയുടെ പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തി വെച്ചിട്ടുണ്ട്. പകരം ഈ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിലമ്പൂര്‍ പ്ലാന്റില്‍ നിന്നുള്ള കുടിവെളളം വിതരണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ചുങ്കത്തറ ബ്ലോക്ക് പരിധിയില്‍ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, ഐ.സി.ഡി.എസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതോടൊപ്പം ഒ.ആര്‍.എസ് വിതരണം, ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തുന്നുണ്ട്. പുഴയിലെ വെള്ളം അണുവിമുക്തമാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും മറ്റും പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നത് തടയുന്നതിനായി ഗ്രാമപഞ്ചായത്ത്, പി.ഡബ്ല്യു.ഡി, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഫുഡ് സേഫ്റ്റി വകുപ്പിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കും. അപാകത കണ്ടെത്തിയാല്‍ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി, ജലനിധി വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തും. കോളറ വ്യാപനവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്  സൈബര്‍സെല്‍ നിരീക്ഷിച്ച് നടപടിയെടുക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസറുടെയും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ദിവസവും വൈകിട്ട് 3.30 ന് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ഇന്ന് (മാര്‍ച്ച് 8) രാവിലെ 11 ന് രോഗബാധിത പ്രദേശം സന്ദര്‍ശിക്കും. തുടര്‍ന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് അവലോകന യോഗവും ചേരും.
ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് കോളറ പോലെയുള്ള വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമെന്ന് ഡി.എം.ഒ ഡോ.കെ രേണുക പറഞ്ഞു. ഫലപ്രദമായ കൈകഴുകല്‍ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ജല ലഭ്യത കുറഞ്ഞ ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ വ്യക്തമാക്കി.
കളക്ടറേറ്റ് വീഡിയോ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, ഡി.എം.ഒ ഡോ. കെ രേണുക, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date