Skip to main content

ക്ഷയരോഗമുക്ത മലപ്പുറത്തിനായി ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യം: ജില്ലാ കലക്ടർ

മലപ്പുറം: ക്ഷയരോഗികൾ ഇല്ലാത്ത മലപ്പുറത്തിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ. 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം' എന്ന സന്ദേശം ഉയർത്തി ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ നേട്ടം നിലനിർത്തണമെങ്കിൽ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ധീഖ് നൂറേങ്ങൽ, ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജുമൈലത്ത്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. യാസിറ  മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, ജില്ലാ ഡ്രഗ്ഗ് ഇൻസ്‌പെക്ടർ ഡോ. എം.സി നിഷിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡോ. നവ്യ ജെ തൈക്കാട്ടിൽ, ഡോ. ഫിറോസ് ഖാൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി. രാജു, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ അബ്ദുൽ സത്താർ, പി. നളിനി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. സീനിയർ ടി.ബി./എച്ച് ഐ.വി കോർഡിനേറ്റർ ജേക്കബ് ജോൺ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടി.ബി ഓഫീസർ ഡോ. സി. ഷുബിൻ സ്വാഗതവും ഡോ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മാർച്ച് 15, 16, 17 തീയതികളിൽ ജില്ലയിലെ വിവിധ കോളജുകളിലായി ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. കൂടാതെ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ഫുട്‌ബോൾ മത്സരവും വനിതാ ഫുട്‌ബോൾ മത്സരവും നടത്തി. ഫുട്‌ബോൾ മത്സരത്തിൽ ഓമാനൂർ ഹെൽത്ത് ബ്ലോക്ക് ഒന്നാം സ്ഥാനവും എടവണ്ണ ഹെൽത്ത് ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിയുടെ മുന്നോടിയായി രാവിലെ മലപ്പുറത്ത് നടന്ന വിളംബര റാലി ഡി.വൈ.എസ്.പി ബഷീർ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയിൽ അൽഷിഫ കോളേജ് ഒന്നാം സ്ഥാനം നേടി. മലപ്പുറം കെ.പി.എം. സ്‌കൂൾ ഓഫ് നഴ്‌സിംങ് രണ്ടാം സ്ഥാനവും നേടി. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

date