ബീച്ച് ആശുപത്രിയിൽ പുകയില നിയന്ത്രണ ക്ലിനിക് ആരംഭിച്ചു
പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി ബീച്ച് ആശുപത്രിയിൽ പ്രത്യേക പുകയില നിയന്ത്രണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിൽ പുകവലി, ഗുഡ്ക ഉപയോഗം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പൂർണ്ണമായി ഉപേക്ഷിക്കാനും ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാകുന്ന രീതിയിലുള്ള ചികിത്സ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വ്യക്തിഗത കൗൺസലിംഗ്, കുടുംബാംഗങ്ങൾക്കുള്ള കൗൺസലിംഗ്, സാമൂഹ്യ മനശ്ശാസ്ത്ര പിന്തുണ, സാമൂഹ്യ- ശീല മാറ്റങ്ങൾക്കുവേണ്ടിയുള്ള ബോധവൽക്കരണങ്ങൾ, കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാകും. ഇതിനായി വിദഗ്ധരായ കൗൺസിലർമാരുടെ സേവനവുമുണ്ടാകും.
ബീച്ച് ആശുപത്രിയിലെ അറുപത്തിരണ്ടാം നമ്പർ മുറിയിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ സേവനം ലഭ്യമാകും. മുൻകൂട്ടി ബുക് ചെയ്യുകയോ ഒപി ടിക്കറ്റെടുക്കുകയോ ചെയ്യാതെ നേരിട്ട് ക്ലിനിക്കിൽ വരാവുന്നതാണ്. ക്ലിനിക്കിലെ ചികിത്സയും മറ്റു സേവനങ്ങളും പൂർണ്ണമായും സൗജന്യമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
- Log in to post comments