സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെയും പുറയാര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും
അവലോകന യോഗം
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടത്തിന്റെയും പുറയാര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെയും സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷിന്റെയും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
ചൂര്‍ണ്ണിക്കര, തൃക്കാക്കര നോര്‍ത്ത്, ആലുവ വെസ്റ്റ്, കീഴ്മാട് എന്നീ വില്ലേജുകളിലെ സ്ഥലമാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സര്‍വേ ഫീല്‍ഡ് ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ കരട് ഈ വര്‍ഷം ആഗസ്റ്റ് 16 നകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. പുറയാര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ 2023 മെയ് 31 നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ) പി.ബി സുനിലാല്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments