Skip to main content
നുച്യാട് യു പി സ്‌കൂളിലെ അധ്യാപകനായ നെല്ലിക്കാംപൊയിൽ സ്വദേശി പി എ വർക്കിയും ഭാര്യ ജെസി മാത്യുവും മക്കളും 'എന്റെ കേരളം' മേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ കോഴി വളർത്തുകേന്ദ്രം സ്റ്റാളിൽ

ഉൾക്കാഴ്ചയിൽ മേളയെ കേട്ടറിഞ്ഞ്, തൊട്ടറിഞ്ഞ് വർക്കി മാഷ്

'എന്റെ കേരളം' മേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ കോഴി വളർത്തുകേന്ദ്രം സ്റ്റാളിൽ ഒട്ടക പക്ഷിയുടെ മുട്ട കൈവിരലുകൾ കൊണ്ട് തൊട്ടും കൈയിലെടുത്തും അനുഭവിച്ചറിയുകയായിരുന്നു വർക്കി മാഷ്. ആ കണ്ണുകളിൽ കൗതുകവും ചുണ്ടിൽ പുഞ്ചിരിയും നിറഞ്ഞു. നുച്യാട് യു പി സ്‌കൂളിലെ അധ്യാപകനായ നെല്ലിക്കാംപൊയിൽ സ്വദേശി പി എ വർക്കിക്ക് ജന്മനാ ഒരു കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു. രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഗ്ലോക്കോമ ബാധിച്ച് 2004ൽ നഷ്ടമായതോടെ കാഴ്ചയുടെ ലോകം വർക്കിക്ക് പൂർണമായും അന്യമായി. വർക്കിയുടെ ഭാര്യ ഇരിക്കൂർ ബി ആർ സി യിലെ സ്‌പെഷൽ എജുക്കേറ്റർ ജെസി മാത്യുവിനും പൂർണമായും കാഴ്ചശക്തിയില്ല. മക്കളുടെ കൈപിടിച്ചാണ് ഇരുവരും 'എന്റെ കേരളം' മെഗാ എക്സിബിഷനിലെത്തിയത്.
അക്ഷരാർത്ഥത്തിൽ അറിവു പകരുന്നതാണ് ഈ എക്സിബിഷൻ-മേളയിലെ കാഴ്ചകളും അറിവുകളും തൊട്ടും കേട്ടുമറിഞ്ഞ വർക്കി മാഷും ജെസി ടീച്ചറും പറഞ്ഞു. കാഴ്ചയില്ലെങ്കിലും എല്ലാം അറിയാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ. മേളയിൽ മക്കളായ അനഘയുടെയും ആഷ്ലിന്റെയും കൈ പിടിച്ച് സ്റ്റാളുകൾ കണ്ട് മനസ്സിലാക്കി ഇരുവരും.
 

date