ജില്ലാ സപ്ലൈ ഓഫീസ് സിവിൽ സ്റ്റേഷനിൽ തിരിച്ചെത്തുന്നു: കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ
ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവിൽ സ്റ്റേഷനിൽ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. ഫർണിഷിംഗ്, വൈദ്യുതീകരണ ജോലികൾ ഉൾപ്പടെ പൂർത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി അറിയിച്ചു. 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ ഓഫീസ്, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വർഷം മുമ്പാണ് കാലപ്പഴക്കത്തെ തുടർന്ന് സിവിൽ സ്റ്റേഷനിലെ വകുപ്പിന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നത്. തുടർന്ന് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. നിലവിൽ സ്വകാര്യ കെട്ടിടത്തിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് ജില്ലാ സപ്ലൈസ് ഓഫീസർ ഉൾപ്പടെ 20ലധികം ഉദ്യോഗസ്ഥർ ജോലി ചെയ്ത് വരുന്നത്. ജില്ലയിൽ ഏഴ് താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന 1,237 റേഷൻ കടകൾ, 10 എൻ.എഫ്.എസ്.എ ഗോഡൗണുകൾ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതോടെ പൊതുജനങ്ങൾക്കും ഗുണഭോക്താക്കൾക്കും ഉദ്യോഗസ്ഥർക്കും കൂടുതൽ സൗകര്യമാകും.
- Log in to post comments