കാട്ടിപ്പരുത്തി-നരിപ്പറ്റ-പറളിപ്പാടം നടപ്പാത: ഒന്നാംഘട്ട നിർമാണം പൂർത്തിയായി
വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി-നരിപ്പറ്റ-പറളിപ്പാടം നടപ്പാതയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെയും പ്രഭാത-സായാഹ്ന സവാരിക്കാരെയും ഒരു പോലെ ആകർഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ നരിപ്പറ്റ മുതൽ പറളിപ്പാടം വരെയുള്ള 200 മീറ്ററാണ് പൂർത്തിയാക്കിയത്. കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. കാട്ടിപ്പരുത്തി കറ്റട്ടികുളം വരെയുള്ള രണ്ടാംഘട്ട നിർമാണം വൈകാതെ ആരംഭിക്കും. വളാഞ്ചേരി നഗരസഭയിൽ 23, 27 വാർഡുകളിലായി കാവുമ്പുറം-കാട്ടിപ്പരുത്തി-ഓണിയിൽപ്പാലം തോടിന് സംരക്ഷണഭിത്തി കെട്ടിയാണ് നടപ്പാതയുടെ നിർമാണം. മൂന്ന് മുതൽ അഞ്ചടി വരെയാണ് പാതയുടെ വീതി. ഇന്റർലോക്ക് പാകിയ നടപ്പാതയുടെ ഇരുവശത്തും സന്ദർശകരുടെ സുരക്ഷയ്ക്കായി കൈവരികളും നിർമിച്ചിട്ടുണ്ട്. നിലവിൽ പ്രവൃത്തി പുരോഗമിക്കുന്ന പുതിയ ദേശീയപാതയ്ക്ക് താഴെയായി വട്ടപ്പാറയ്ക്കും ഓണിയിൽ പാലത്തിനുമിടയിലായാണ് നടപ്പാതയുടെ നിർമാണം. നിരവധി ദേശാടന പക്ഷികളുൾപ്പടെ വിരുന്നെത്തുന്ന വയലിന് നടുവിലൂടെയുള്ള പുതിയ നടപ്പാത സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കും. നടപ്പാതയുടെ വീതി കൂടിയ ഭാഗങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിക്കുമെന്നും രണ്ടാം ഘട്ട നിർമാണത്തിനുള്ള ഫണ്ട് വകയിരുത്തിയതായും നഗരസഭാ അധ്യക്ഷൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പെരുന്നാൾ ദിനം നടപ്പാത സന്ദർശകർക്ക് തുറന്നുകൊടുക്കും.
- Log in to post comments