സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം പൂർണമായും നടപ്പാക്കിയ സംസ്ഥാനമാണ് കേരളം: കെ.ഡി പ്രസേനന്‍ എം.എല്‍.എ നവകേരള മിഷനും പൊതുവിദ്യാഭ്യാസവും വിഷയത്തിൽ സെമിനാർ നടന്നു
വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പാക്കിയ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം പൂർണമായും നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നവകേരള മിഷനും പൊതുവിദ്യാഭ്യാസവും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബന്ധതയിൽ ഊന്നിനിൽക്കുന്നതും സമൂഹം ആഗ്രഹിക്കുന്നതുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് എല്ലാ വിദ്യാർത്ഥികൾക്കും സംസ്ഥാനം ഉറപ്പാക്കി വരികയാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിന് ആയിരം കോടിയോളം രൂപ സംസ്ഥാന സർക്കാർ ചെലവാക്കി. പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച, ബുദ്ധിയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാനാകുന്നുവെന്നും ഇതിലൂടെ നവകേരള സൃഷ്ടി സാധ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണം ലോകനിലവാരമുള്ളതാക്കി മാറ്റിയതിലൂടെ പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കാൻ സാധിച്ചുവെന്ന് എസ്.സി.ഇ.ആര്‍.ടി കേരള ഡയറക്ടര്‍ ആര്‍.കെ. ജയപ്രകാശ് പറഞ്ഞു. നവകേരള മിഷനും പൊതുവിദ്യാഭ്യാസവും വിഷയത്തിൽ സെമിനാർ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സമൂഹസൃഷ്ടിയിലൂന്നിയാണ് പുതിയ കേരളത്തിന്റെ സൃഷ്ടിയെന്ന പ്രഖ്യാപനം നടപ്പാക്കുന്നതിന് എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന് രാജ്യത്ത് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം 6.5 ആണെങ്കിൽ കേരളത്തിൽ ഇത് 12 ആണ്. ഇത്തരത്തിൽ സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ വൈജ്ഞാനിക സമൂഹ സൃഷ്ടിയുടെ ആദ്യ കടമ്പ പിന്നിട്ടു. വൈജ്ഞാനിക സമൂഹ സൃഷ്ടിയുടെ പ്രവർത്തികമാകാൻ കുട്ടികൾ ചോദ്യങ്ങൾ ചോദിച്ച് വളരണമെന്നും ഇതിനുള്ള ഇടമാണ് ക്ലാസ് മുറികളെന്നും ജ്ഞാന സമൂഹം ഇവിടെ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.ഡി.ഇ. പി.വി മനോജ്കുമാര്‍ അധ്യക്ഷനായി. ഡയറ്റ് പാലക്കാട് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥന്‍, എന്റെ കേരളം എക്സ്പോ കോ-ഓര്‍ഡിനേറ്റര്‍ എം.പി ബാലഗോപാലന്‍ എന്നിവർ പങ്കെടുത്തു.
- Log in to post comments