ചൂട് നേരിടാൻ തണ്ണീർപ്പന്തൽ സ്ഥാപിക്കാൻ നിർദ്ദേശം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു
ദുരന്തനിവാരണ വകുപ്പ് ചൂടുമായി ബന്ധപ്പെട്ട് സംസ്ഥാന അന്തരീക്ഷ താപനില ഉയരുന്നത് മൂലം അപകടങ്ങൾ കുറക്കുന്നതിനായും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. ചൂടിനെ നേരിടാൻ അടിയന്തരമായി സ്ഥാപിക്കുന്ന തണ്ണീർപന്തലുകളിൽ കുടിവെള്ളത്തിന് പകരം മിൽമയുമായി സഹകരിച്ച് സംഭാരം നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അടിയന്തരമായി തണ്ണീർപ്പന്തലുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്നും അത് സ്ഥാപിച്ചതായി ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ലേബർ കമ്മിഷന്റെ ഉത്തരവ് കൃത്യമായി പാലിക്കണമെന്നും അത് പരിശോധിക്കണമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ പ്രതിപാദിക്കുന്നത്
• തണ്ണീർപന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ വകുപ്പിൽ നിന്നും ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷവും നഗരസഭക്ക് മൂന്ന് ലക്ഷവും കോർപ്പറേഷന് അഞ്ച് ലക്ഷവും അനുവദിച്ചു.
• തദ്ദേശ വകുപ്പിന് സംസ്ഥാന ദുരന്തം പ്രതികരണ നിധിയിൽ നിന്നും വാട്ടർ കിയോസ്ക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് കിയോസ്ക് ഒന്നിന് 10,000 രൂപ വീതം അനുവദിക്കും.
• ചൂടിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ച്വൽ പ്ലാനിലൂടെ അനുവദിച്ചിട്ടുള്ള കൂൾ റൂഫ് ഉൾപ്പെടെ ഹസ്വകാല, ദീർഘകാല പദ്ധതികൾ ഉപയോഗിച്ച് നടപ്പാക്കാൻ വിശദമായ പ്രൊപ്പോസൽ ദുരന്തനിവാരണ വകുപ്പിന് നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.
• സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) പ്രകാരം ഓരോ വകുപ്പും നടപ്പാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പും കൃത്യമായി നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി.
• ഈ ചൂടിനെ നമുക്ക് നേരിടാം എന്ന ക്യാമ്പയിൻ നടത്തുന്നതിനായി സിവിൽ ഡിഫൻസ്, ആത്മമിത്ര സാമൂഹിക സന്നദ്ധ സേന എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
• എല്ലാ ജില്ലകളിലും തുടർ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തലത്തിൽ നടത്തുന്നതിന് അതത് ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.
യോഗത്തിൽ എ.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments