*അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: റവന്യു മന്ത്രി കെ രാജന്‍*
*സ്മാര്‍ട്ടായി പീരുമേട്, ഉപ്പുതറ വില്ലേജ് ഓഫീസുകള്‍
*പട്ടയ വിതരണത്തിന് പട്ടയ മിഷന്‍ പ്രഖ്യാപിക്കും
അര്‍ഹത മാത്രം മാനദണ്ഡമാക്കി പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പീരുമേട്, ഉപ്പുതറ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ റവന്യു കേന്ദ്രങ്ങളെ സ്മാര്‍ട്ടാക്കി സേവനങ്ങള്‍ അതിവേഗം സുതാര്യമായി ലഭ്യമാക്കണമെന്ന ലക്ഷ്യത്തിനായി സമ്പൂര്‍ണ്ണ ഡിജിറ്റിലൈസഷനുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 എന്ന പരിപാടി തയാറാക്കിയാണ് സര്‍ക്കാര്‍ ഇതിനെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഭൂമിയുടെ അവകാശികളായ എല്ലാവര്‍ക്കും ഭൂമി കൊടുക്കാന്‍ അര്‍ഹത മാത്രമാണ് മാനദണ്ഡം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം 54535 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. മെയ് 14 ന് തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പ്രഖ്യാപനത്തില്‍ ഭൂമി കൊടുക്കാന്‍ സാധ്യമായവരുടെ പേരും എണ്ണവും പ്രഖ്യാപിക്കനാവുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുവരുന്ന പ്രശ്‌നം ഭൂനിയമവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള വിവിധ വ്യവഹാരങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ചില തീരുമാനങ്ങളാണ്. ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് വര്‍ത്തമാന കാലത്ത് ഉയര്‍ന്നുവരുന്ന അനിവാര്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് അനുകൂല സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ ഭൂപതിവ് നിയമങ്ങളിലും ഇതിന്റെ ഭാഗമായി വന്ന ചട്ടങ്ങളിലും വര്‍ത്തമാനകാലത്തെ സാമൂഹ്യസാഹചര്യത്തിനനുസരിച്ച് മാറ്റം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അത്തരം പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പട്ടയ വിതരണത്തിനായി പട്ടയ മിഷന്‍ പ്രഖ്യാപിക്കും. നിയമത്തെയും ചട്ടത്തെയും ലഘുകരിച്ച് പട്ടയം നല്കാനുള്ള പരിശ്രമങ്ങളാണ് പട്ടയമിഷന്‍ നടത്തുക. സാധാരണക്കാര്‍ക്ക് ഭൂമി നല്‍കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള ചട്ടങ്ങളോ നിയമങ്ങളോ തടസമാകുന്നുണ്ടെങ്കില്‍ അതില്‍ ഭേദഗതി വരുത്തുന്നതില്‍ യാതൊരു മടിയും സര്‍ക്കാരിനില്ല. എന്നാല്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കി വച്ച് ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാഴൂര്‍ സോമന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫിസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പീരുമേട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലന്‍, എ ഡി എം ഷൈജു പി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപ്പുതറയില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
1. പീരുമേട്, ഉപ്പുതറ സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നു
2. പീരുമേട് വില്ലേജ് ഓഫിസിന്റെ ശിലാഫലകം വാഴൂര്‍ സോമന്‍ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു.
video - https://we.tl/t-6DRoemiQXJ
minister speech- https://we.tl/t-DnDstX9Bca
- Log in to post comments