Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള- സംഘാടകസമിതി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം: വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക്- മന്ത്രി കെ എന്‍ ബാലഗോപാല്‍

 

സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്റെ കേരളം മേളയിലൂടെ സാധിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മെയ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനിയിളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുക. വിജ്ഞാന- വിനോദപ്രദവുമായപരിപാടികള്‍ മേളയുടെ ഭാഗമാകും. വാര്‍ഷികാഘോഷം വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്. വീടില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് സര്‍ക്കാര്‍. വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഉപാധികളില്ലാത്ത സേവനമാണ് സര്‍ക്കാര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുള്ള നിരവധി വികസനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ പ്രദര്‍ശന വിപണന മേളയുടെ വിജയത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ മുഖ്യരക്ഷാധികാരികളും ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും, ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറും, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും, വിവിധ വകുപ്പ്തല മേധാവികള്‍, പൊതുമേഖലാസ്ഥാപനങ്ങളുടെയും കോര്‍പ്പറേഷനുകളുടെയും ക്ഷേമനിധികളുടെയും അധ്യക്ഷര്‍, ഡി ടി പി സി സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുമാണ് സംഘാടകസമിതി രൂപീകരിച്ചത്. കൂടാതെ ഒന്‍പത് സബ് കമ്മിറ്റികളും രൂപീകരിച്ചു.

 

എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, എ ഡി എം ആര്‍ ബീനറാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date