നൂറിലധികം നാടന്‍ നെല്‍വിത്തുകള്‍, പച്ചക്കറി ഇനങ്ങള്‍.. ആലത്തൂരില്‍ ഇന്നും നാളെയും വിത്തുത്സവം
ആലത്തൂര്‍ ബ്ലോക്ക് തല ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂറിലധികം നാടന്‍ നെല്‍വിത്തുകളും പച്ചക്കറി ഇനങ്ങളുമായി ആലത്തൂരില്‍ ഇന്നും നാളെയുമായി (മെയ് 5, 6) വിത്തുത്സവം-കര്‍ഷക മേള നടക്കും. ആലത്തൂര്‍ ബോധി സെന്ററിലാണ് വിത്തുത്സവം കര്‍ഷകമേള നടക്കുക. കൃഷി വകുപ്പിനോടൊപ്പം ആത്മ പദ്ധതി, കേരള കാര്‍ഷിക സര്‍വകലാശാല, തണല്‍ തിരുവനന്തപുരം, കേരള ജൈവ കര്‍ഷക സമിതി, നിറ, ബോധി ആലത്തൂര്‍ എന്നിവരുടെ സഹകരണത്തോടെ ആലത്തൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കര്‍ഷകരുടെ സംയുക്താഭിമുഖ്യത്തിലാണ് വിത്തുത്സവം കര്‍ഷക മേള നടക്കുന്നത്. വിത്തുത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 5) രാവിലെ ഒന്‍പതിന് കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാകും.
ഋതുചര്യ, ദിനചര്യ, പ്രായോഗിക ജൈവകൃഷി... വിഷയങ്ങളില്‍ സെമിനാറുകള്‍
വിത്തുത്സവം-കര്‍ഷക മേളയുടെ ഭാഗമായി കാര്‍ഷിക രംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തില്‍ ഋതുചര്യ, ദിനചര്യ, പ്രായോഗിക ജൈവകൃഷി, ഭക്ഷ്യസുരക്ഷയും ആരോഗ്യവും, മണ്ണാണ് ജീവന്‍, ജൈവീക കീടനിയന്ത്രണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, ജൈവകര്‍ഷകരെ ആദരിക്കല്‍, അനുഭവം പങ്കുവെയ്ക്കല്‍ എന്നിവ നടക്കും. തണല്‍ സംഘടനയുടെ വയനാട് കേന്ദ്രത്തിന്റെ നൂറിലധികം നാടന്‍ നെല്‍വിത്തുകള്‍, വടക്കഞ്ചേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിവിധ പാടശേഖരങ്ങളിലായി കര്‍ഷകര്‍ കൃഷിയിറക്കിയ ചക് ഹാവോ, ഡി.ആര്‍.ആര്‍ ധാന്‍-45, 48 (ഭാരതത്തിലെ ആദ്യത്തെ സിങ്ക് സമ്പുഷ്ട നെല്ല്) വയലറ്റ് നിറമുള്ള ഡാബര്‍ശാല, കല്യാണി വയലറ്റ്, നസര്‍ ബാത്ത്, കറുത്ത നിറമുള്ള കൃഷ്ണ കൗമോദ് കാലാബേട്ടി, കറുവാച്ചി രാംലീ, ജീരക ശാല, ഞവര എന്നീ ഇനങ്ങളും മേളയില്‍ ആകര്‍ഷകമാകും.
വിത്തുത്സവം കര്‍ഷകമേളയില്‍ ജൈവവളങ്ങളും ലഭ്യം
ജൈവവളങ്ങള്‍, ജൈവ വളക്കൂട്ടുകള്‍, ജീവാണുവളങ്ങള്‍, സ്യുഡോമോണാസ് ട്രൈക്കോഡെര്‍മ, ബ്യുവേറിയ, ലെക്കാനിസീലിയം ഉള്‍പ്പെടെയുള്ള ജൈവ കീടനാശിനികള്‍, കുമ്മായം തുടങ്ങി കൃഷിക്കാവശ്യമായ എല്ലാ ജൈവ ഉത്പാദന ഉപാധികളും വിത്തുത്സവത്തില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കും. മികച്ച കൃഷി സംസ്‌കാരത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിനും ഭക്ഷണത്തിലെ വൈവിധ്യവത്ക്കരണം സംബന്ധിച്ച അറിവുകള്‍ക്കും വിത്തുത്സവത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. വിത്തുത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9447303431, 9526969605 ല്‍ ലഭിക്കും.
ഉദ്ഘാടന പരിപാടിയില്‍ ആത്മ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ആഷ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് എല്‍.ആര്‍ മുരളി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോചന, വാര്‍ഡംഗം രമ രാജശേഖരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മേരി വിജയ, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എ നിസാം, സി.എസ് ബിന്ദു, പി. സിന്ധുദേവി, ആത്മ ജില്ലാ ഡി.പി.ഒ ഡോ. ഗുണശേഖരന്‍, ബോധി ആലത്തൂര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും. മെയ് ആറിന് നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷനാകുന്ന പരിപാടിയില്‍ കാവശ്ശേരി വി. വരുണ്‍, റിട്ട. കൃഷി ഓഫീസര്‍ എസ്. ലക്ഷ്മി ദേവി, ആലത്തൂര്‍ കൃഷി ഓഫീസര്‍ എം.വി രശ്മി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments