പ്ലാമൂട്ടുക്കട ഗ്രാമോത്സവം ഓഗസ്റ്റ് 15 മുതല്‍ 25 വരെ
പ്ലാമൂട്ടുക്കട ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പെന്നു വിശേഷിപ്പിക്കുന്ന പ്ലാമൂട്ടുക്കട ഗ്രാമോത്സവം ഈ മാസം 15 മുതല്‍ 25 വരെ നടക്കും. പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 18-ാം തവണയാണു ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന കലാവിരുന്നും ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്.
സെമിനാറുകള്‍, പ്രതിഭാ സംഗമം, ശ്രേഷ്ഠ മാനവ സദസ്, ഓണസ്മൃതി സംഗമം, ഗാനമേള, നാടന്‍പാട്ട്, ഓണനിലാവ്, നൃത്തോത്സവം, അത്തപ്പൂക്കള മത്സരം, ഹെല്‍ത്ത് കാര്‍ഡ് വിതരണം, രക്തദാന ക്യാമ്പ്, കളിക്കളം, ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ്, സ്നേഹസദ്യ, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഫോട്ടോ എക്സിബിഷന്, ജൈവപച്ചക്കറി കൃഷി, കമ്മ്യൂണിറ്റി മേള 2018 എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.
ഓഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞു രണ്ടിനു ശാന്തി യോഗ സെന്ററില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ സംരക്ഷണ സെമിനാറില്‍ പങ്കെടുക്കുന്ന 50 അമ്പതു ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍.ഇ.ഡി ബള്‍ബ് വിതരണം ചെയ്യും. 20നു രാവിലെ 10ന് ചെങ്കല്‍ കൃഷിഭവന്റെ കീഴില്‍ പോരന്നൂര്‍ വാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങള്‍ക്ക് പച്ചക്കറി തൈ വിതരണംചെയ്യും. വൈകിട്ട് നാലിന് പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ പ്രവര്‍ത്തകര്‍ ഒരുക്കുന്ന ഇരുചക്ര വാഹന റാലിയുണ്ടാകും. സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 21 മുതല്‍ 24 വരെ ഗ്രാമീണ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചിട്ടുണ്ട്.
21നു വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനവും ഗ്രാമീണപുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കും. തുടര്‍ന്നു പ്രതിഭാ സംഗമം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംവിധായകന് ആര്.എസ്. വിമല്‍ മുഖ്യാഥിതിയാകും. അഞ്ചിനു നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, എം.പി. വീരേന്ദ്ര കുമാര്‍ എം.പി, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ചലച്ചിത്ര പുരസ്കാര ജേതാവ് ഇന്ദ്രന്‍സ്, മാധ്യമപ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസ് എന്നിവരെ ആദരിക്കും.
22നു വൈകിട്ട് നാലിന് ഭരണ പരഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ 'സ്നേഹാദരവ്' എന്ന പരിപാടിയില്‍ ആദരിക്കും. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. വി.എസിന്റെ 94-ാം വയസിന്റെ പ്രതീകാത്മകമായി 94 ദീപങ്ങള്‍ തെളിയിക്കും, 94 സംഘടനകള്‍ സ്നേഹോപഹാരം നല്‍കും. നിര്‍ധനരായവര്‍ക്കു തയ്യല്‍ മെഷീന്, പ്രതിമാസ പെന്ഷന് പദ്ധതി, വിദ്യാഭ്യാസ ധനസഹായം, പഠനോപകരണ വിതരണം എന്നിവയും ചടങ്ങിലുണ്ടാകും. 23ന് ഉച്ചയ്ക്കു രണ്ടിന് 'അശ്വമേധം റിവേഴ്സ് ക്വിസ്' പരിപാടിയും 24ന് ഓണസ്മൃതിസംഗമവും 25ന് നാടന്‍ കലാ കായിക മത്സരങ്ങളും നടക്കും.
- Log in to post comments