Skip to main content

നെയ്യാറ്റിന്‍കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടത്തിനു പുതുജീവന്‍

 

നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂളിലെ നിലം പതിക്കാറായ പഴയ കെട്ടിടത്തിനു പുതുജീവന്‍. സ്ട്രക്ചറല്‍ റിഹാബിലിറ്റേഷന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഴയ കെട്ടിടം പുതുക്കിപ്പണിതു. പുതുക്കിയ കെട്ടിടത്തിന്റെയും മോഡല്‍ ക്ലാസ് മുറിയുടെയും ഉദ്ഘാടനം കെ. ആന്‍സലന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

നിലംപതിക്കാറായ കെട്ടിടം പുതുക്കിപ്പണിയാന്‍ രണ്ടു കോടിയോളം രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. എന്നാല്‍ 20 ലക്ഷം രൂപയ്ക്കു സ്ട്രക്ചറല്‍ റിഹാബിലിറ്റേഷനിലൂടെ പുതുക്കിപ്പണിയാന്‍ കഴിഞ്ഞു. സിമെന്റും കമ്പിയും ജനാലകളും വാതിലുകളും ഉള്‍പ്പെടെ പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും പുനരുപയോഗിക്കാന്‍ സാധിക്കുമെന്നതാണ് സ്ട്രക്ചറല്‍ റിഹാബിലിറ്റേഷന്റെ നേട്ടം. പൂവാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ പുനര്‍ നിര്‍മ്മിച്ചിരുന്നു. നെയ്യാറ്റിന്‍കര നഗരസഭയുടേയും ജില്ലാ പഞ്ചായത്തിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ അന്‍വര്‍ ഹുസൈന്റെയും നേതൃത്വത്തിലാണു നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ ക്ലാസ് മുറിയും മുറിയും സ്‌കൂളില്‍ ആരംഭിച്ചു. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷനാണു മോഡല്‍ ക്ലാസ് മുറി നിര്‍മ്മിച്ചത്. ബാഗ് റാക്ക്, സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിസ്‌പ്ലേ റാക്ക്, ഡസ്റ്റ് ബിന്‍, കുട സ്റ്റാന്‍ഡ്, ഫാനുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, വിദ്യാഭ്യാസ, കലാ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം . അലിഫാത്തിമ, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ. അനിതകുമാരി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്. സുനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് പി.ടി. ശശികല തുടങ്ങിയവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി. 2062/2018)

date