പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ താമസ സൗകര്യത്തിന് 100 കോടി: മന്ത്രി എ.കെ. ബാലന്‍
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ താമസ സൗകര്യത്തിനായി 100 കോടി ചെലവില്‍ 12 സ്ഥാപനങ്ങള്‍ നിര്‍മിക്കുമെന്നു പട്ടികജാതി - പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കിഫ്ബിയില്‍പ്പെടുത്തിയാകും ഇതിനു പണം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ മണ്ണന്തലയില്‍ നിര്‍മിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കു സ്വന്തം കെട്ടിടം നിര്‍മിക്കുമെന്നു മന്ത്രി പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍, കുറ്റിച്ചല്‍, ആറളം എന്നിവിടങ്ങളില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, യൂത്ത് ഹോസ്റ്റല്‍, ഐ.ടി.സി കെട്ടിടം, തിരുവനന്തപുരം കട്ടേലയില്‍ 100 പെണ്‍കുട്ടികള്‍ക്കു താമസിച്ചു പഠിക്കാന്‍ സൗകര്യത്തോടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നിവ കിഫ്ബി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിന് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഹോസ്റ്റലുകളില്‍ നല്ല ഭക്ഷണം, താമസ സൗകര്യം, പ്രത്യേക ടൂഷന്‍ മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്കു കൂടുതല്‍ പണം വകയിരുത്തിയിട്ടുണ്ടെന്നും നല്ല രീതിയില്‍ ഇവ നടപ്പാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
പട്ടിക വിഭാഗങ്ങള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കി മികച്ച തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഭൂമി
ലഭ്യതയിലെ കുറവു മൂലം ഈ വിഭാഗങ്ങള്‍ക്കുണ്ടായ പിന്നാക്കാവസ്ഥ മികച്ച തൊഴില്‍ ലഭ്യതയിലൂടെ മറികടക്കാനാകും. നൈപുണ്യ വികസന പദ്ധതികള്‍വഴി പട്ടിക വിഭാഗങ്ങള്‍ക്കു രാജ്യത്തിനകത്തും പുറത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ വിജയകരമായി നടപ്പാക്കുകയാണ്. 1350 പേരെ വിദേശ ജോലിക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. 100 പേരെ ഇതിനോടകം മലേഷ്യ, ഇന്തോനേഷ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ ജോലിക്ക് അയച്ചു. കൂടുതല്‍ തൊഴില്‍ ലഭ്യതയ്ക്കായി യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തൊഴില്‍ ദാതാക്കളുമായി ഈ മാസം അവസാനം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള മനുഷ്യരുടെ നേര്‍ക്കാണു സര്‍ക്കാരിന്റെ നോട്ടമെന്നും ഇവരുടെ ഉന്നമനത്തിനാണു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണം - ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി, പട്ടികജാതി - പട്ടികവര്‍ഗ ഉപദേശക സമിതി അംഗം വിദ്യാധരന്‍ കാണി, കൗണ്‍സിലര്‍ അനില്‍ കുമാര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശശീന്ദ്രന്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ എ. സുധ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments