Skip to main content

ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

 

** മൂന്നു ഷിഫ്റ്റുകളിലായി ഡോക്ടര്‍മാരുടെ സേവനം

** സ്‌പെഷ്യാലിറ്റി ഒ.പി സംവിധാനം

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ഈ ആശുപത്രികളില്‍ ലഭ്യമായി വരുന്ന സേവനങ്ങളും ഇരട്ടിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ ഒ.പി പ്രവര്‍ത്തിക്കും. മൂന്നു ഷിഫ്റ്റുകളിലായി ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. മൂന്ന് ഡോക്ടര്‍മാരെ അധികമായി നിയോഗിക്കും.

ജനറല്‍ ഒ.പിക്കു പുറമേ കാര്‍ഡിയോളജി, ഡര്‍മറ്റോളജി, ന്യൂറോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒ.പി സംവിധാനം എല്ലാ ദിവസവുമുണ്ടാകും. നാലു സ്റ്റാഫ് നഴ്‌സുമാരെയും ഒരു ലാബ് ടെക്ക്‌നീഷനെയും ഒരു ഫാര്‍മസിസ്റ്റിനെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അധികമായി നിയോഗിക്കുന്നതു രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കാന്‍ സഹായകമാകുമെന്നു വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി സബ് സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗ പരിശോധനകള്‍ നടത്താന്‍ ഇവിടെ സൗകര്യമുണ്ടാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന കുടുംബങ്ങളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമൊരുക്കും. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ആശ്വാസ് ക്ലിനിക്ക് എന്ന പേരില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ നിലവിലുള്ള ഇ-ഹെല്‍ത്ത് സമ്പ്രദായവും കൂടുതല്‍ ഉപയോഗപ്രദമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള കുടുംബങ്ങളുടെ ആരോഗ്യ വിവരക്കണക്കാണ് ഇ-ഹെല്‍ത്ത് സമ്പ്രദായം. ഓരോ വ്യക്തിയുടെയും രോഗം, കഴിക്കുന്ന മരുന്ന് തുടങ്ങി ആവശ്യമായ ആരോഗ്യ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച ഏകീകൃത കാര്‍ഡ് ഇഹെല്‍ത്തിന്റെ ഭാഗമായി രോഗികള്‍ക്കായി നല്‍കും. ഇതുപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

date