Skip to main content

സ്‌കൂള്‍ പൗള്‍ട്രി ക്ലബുകള്‍ വിപുലമാകുന്നു

 

മൃഗ സംരക്ഷണ വകുപ്പിന്റെ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി വഴി പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം വിപുലമാകുന്നു. മുട്ട, മാംസം ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനും വിദ്യാര്‍ഥികളില്‍ മൃഗ, പക്ഷി പരിപാലനത്തില്‍ താത്പര്യം വര്‍ധിപ്പിക്കുന്നതിനുമായാണു സ്‌കൂള്‍ പൗള്‍ട്രി ക്ലബുകള്‍ തുടങ്ങിയത്.

ഒരു സ്‌കൂളില്‍ തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളും തീറ്റയും, മരുന്നും നോട്ട്ബുക്കും പേനയും നല്‍കും. ഒന്നര മുതല്‍ രണ്ടു മാസം വരെ പ്രായമായ അഞ്ചു മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. വിദ്യാര്‍ഥികള്‍ കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ നോട്ട്ബുക്കില്‍ എഴുതി സൂക്ഷിക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാകുന്ന മള്‍ട്ടി വൈറ്റമിന്‍ സിറപ്പാണു പദ്ധതിയുടെ ഭാഗമായി നല്‍കുന്നതെന്ന് പൂവാര്‍ വെറ്റിനററി സര്‍ജന്‍ ഡോ. ടി.  ഗോപകുമാര്‍ അറിയിച്ചു. 

പദ്ധതിയുടെ വിതരണോദ്ഘാടനം പൂവാര്‍ ഗവണ്മെന്റ് വി.എച്ച്.എസ്.എസില്‍ നടന്നു. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ 50 വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന്, നോട്ട്ബുക്ക്, പേന എന്നിവ വിതരണം ചെയ്തു. അരുമാനൂര്‍ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റുമായ ജിസ്തിമൊയ്ദീന്‍ പിള്ള, വാര്‍ഡ് മെമ്പര്‍ വിനീത് കുമാര്‍, വെറ്റിനററി സര്‍ജന്‍ ഡോ. ടി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാറശ്ശാല ബ്ലോക്കിലെ ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ സ്‌കൂളുകളെയാണ് പദ്ധതി നിര്‍വഹണത്തിനായി തെരെഞ്ഞെടുത്തത്. ഇവാന്‍സ് യു.പി.സ്‌കൂള്‍, ചെങ്കല്‍ ആറയൂര്‍  എല്‍.വി.എച്ച്.എസ്.എസ്, പൂവാര്‍ ഗവണ്മെന്റ് വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പദ്ധതി നിര്‍വഹണം പൂര്‍ത്തിയായതായി പാറശ്ശാല റീജനല്‍ അനിമല്‍ ഹസ്‌ബെന്ററി വെറ്റിനററി സര്‍ജന്‍ ഡോ.ടെസി അറിയിച്ചു. ഈ മാസം അവസാനം തിരുപുറം ഗവണ്മെന്റ് എച്ച്.എസ്, കാരോട് സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ , കുളത്തൂര്‍ ഗാന്ധി മെമോറിയല്‍ യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിക്കുമെന്നും റീജനല്‍ അനിമല്‍ ഹസ്‌ബെന്ററി വെറ്റിനററി സര്‍ജന്‍ അറിയിച്ചു.

date