Skip to main content
നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം  ചെയ്യുന്നു.

നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസിന്റെ നവീകരിച്ച ഓഫീസ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും കംപ്യൂട്ടര്‍വത്ക്കരിച്ച ഓഫീസ്, ജീവനക്കാര്‍ക്ക് പ്രത്യേകം ക്യാബിനുകള്‍, ടൈല്‍, കാര്‍പെറ്റ്, ഉപഭോക്താക്കള്‍ക്കുള്ള ഇരിപ്പിടം തുടങ്ങി എല്ലാരീതിയിലും ഓഫീസ് ആധുനികസജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമടങ്ങിയ കംപ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്തൃപരിഹാര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പരാതി പരിഹാരത്തിനായി വകുപ്പ് പുതുതായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. അത് നിലവില്‍ വരുന്നതോടെ ജനങ്ങളുടെ പരാതി കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ഓണ്‍ലൈനായും ഇതുവഴി പരാതി സമര്‍പ്പിക്കാം.  നിലവില്‍ ജനങ്ങളുടെ പരാതി പരിഹാരത്തിനായി ജൂനിയര്‍ സൂപ്രണ്ടിന്റെ ചുമതലയില്‍ ഹെല്‍പ് ഡെസ്‌ക്കും സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വകുപ്പിന്റെ പുതിയ പരിഷ്‌കരണ സമ്പ്രദായങ്ങള്‍ സംബന്ധിച്ച് സംശയങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ മറുപടി കിട്ടത്തക്ക വിധത്തിലാണ് ഓഫീസ് പുതുക്കിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന പറഞ്ഞു.  

ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, റേഷനിംഗ് കണ്‍ട്രോളര്‍ ബി.സന്തോഷ്, സീനിയര്‍ സൂപ്രണ്ട് എം.എന്‍ വിനോദ്കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                (പിഎന്‍പി 2254/18)

date