Skip to main content
മുൻഗണന കാർഡായി; ജലജയ്ക്ക് ഇനി കോവിഡ് പെൻഷൻ കിട്ടും

മുൻഗണന കാർഡായി; ജലജയ്ക്ക് ഇനി കോവിഡ് പെൻഷൻ കിട്ടും

 കോവിഡ് പെൻഷൻ ലഭിക്കാതെ പോയ കുടുംബത്തിന് പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടി എടുത്ത് മന്ത്രി പി. പ്രസാദ്. ആറാട്ടുപുഴ മംഗലത്ത് ശാരദാ നിവാസിൽ ജലജയാണ് കാർത്തികപള്ളി താലൂക്ക്തല അദാലത്തിൽ പരാതിയുമായി എത്തിയത്.  മുൻഗണന റേഷൻ കാർഡ് ലഭിക്കാത്തതിനാലായിരുന്നു കോവിഡ് പെൻഷൻ കിട്ടാതെ പോയത്. 
കുടുംബത്തിൻറെ ഏക ആശ്രയമായിരുന്ന ഭർത്താവ് സോമരാജൻ 2020 ഡിസംബറിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ 14 വയസ്സുകാരി മകളും ജലജയും ബുദ്ധിമുട്ടിലായി. കോവിഡ് പെൻഷന് അപേക്ഷിച്ചെങ്കിലും മുൻഗണന കാർഡ് ഇല്ലാത്തതിനാൽ ഇവർക്ക് പെൻഷൻ ലഭിച്ചില്ല.
കാർഡ് തരം മാറ്റാനായി ഇവർ നൽകിയ അപേക്ഷയിൽ സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തി. 
മുൻഗണന കാർഡിന് ജലജ അർഹയാണെന്ന് കണ്ടെത്തി. അദാലത്ത് വേദിയിൽ വച്ച് മന്ത്രി പി. പ്രസാദ് ജലജയ്ക്ക് മുൻഗണന കാർഡ് കൈമാറി. ഒപ്പം ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് പെൻഷൻ ലഭിക്കാനുളള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് ബാധിച്ച് മരിച്ച മുൻഗണന കാർഡ് വിഭാഗക്കാരുടെ കുടുംബത്തിന് മൂന്നുവർഷം പ്രതിമാസം 5000 രൂപ മാസം പെൻഷൻ നൽകുന്ന പദ്ധതി പ്രകാരമാണ് ജലജയ്ക്ക് പെൻഷൻ ലഭിക്കുക.

date