Skip to main content

ജി-20 വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിങ്ങ്:  ജില്ലയിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 

ജൂണ്‍ 12 മുതല്‍ 14 വരെ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ജി -20 വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിങ്ങിന്റെ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല കോ ഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

ജി -20 യോഗത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് ആവശ്യമായ യാത്ര, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊച്ചിയിലെ വിനോദസഞ്ചാര  മേഖലയിലെ കാഴ്ചകള്‍ വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്ന് എത്തുന്നവരെ പരിചയപ്പെടുത്തുന്നതിന് സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധികള്‍ക്ക് വിനോദയാത്രയും സംഘടിപ്പിക്കും. ജലഗതാഗതത്തിനായി കൊച്ചി വാട്ടര്‍ മെട്രോയെ ഉപയോഗപ്പെടുത്തും. യാത്രസൗകര്യം ഒരുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ വരെയുള്ള ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷ ഒരുക്കും. അത്യാവശ്യഘട്ടത്തില്‍ ഡോക്ടറുടെ സേവനവും ആംബുലന്‍സും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനും നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.ശശിധരന്‍, കെ.എം.ആര്‍.എല്‍ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ മാനേജര്‍ പി. ജെ ഷാജി, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സാജന്‍. പി. ജോണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date