Skip to main content

സമുദ്ര മലിനീകരണം തീരമണ്ഡലത്തിന് ഭീഷണി: കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

 

എടവനക്കാട് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു

 ലോക സമുദ്ര ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മറൈൻ സയൻസസ്, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടവനക്കാട് ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു. ശുചീകരണത്തിൽ പങ്കെടുത്തുകൊണ്ട് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

മാനവരാശിയുടെ നിലനിൽപിലും ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലും നിർണായക പങ്കു വഹിക്കുന്ന സമുദ്രങ്ങളുടെ രൂക്ഷമായ മലിനീകരണം തീരമണ്ഡലത്തെ സംബന്ധിച്ച് അത്യന്തം ആശങ്കയുളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. അതിനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും സമുദ്ര സംരക്ഷണം ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്നും എം.എൽ.എ പറഞ്ഞു.

കൊച്ചി സർവകലാശാല  മറൈൻ ബയോളജി വകുപ്പ് മേധാവിയും സ്‌കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്‌ടറുമായ ഡോ:എ.എ മുഹമ്മദ് ഹാത്ത അധ്യക്ഷനായി. 'സമുദ്രഗ്രഹത്തിലെ ഗതിമാറ്റങ്ങൾ' എന്ന ഇക്കൊല്ലത്തെ സമുദ്രദിന സന്ദേശം ഉൾക്കൊണ്ട് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവർ കടലിന്റെ പരിപാലനത്തിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

സൊസൈറ്റി ഓഫ് മറൈൻ ബയോളജിസ്റ്, നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്‌,  മഹാരാജാസ് കോളേജ് , സെന്റ് ആൽബർട്ട്സ് കോളേജ്,  തേവര എസ്. എച്ച് കോളേജ്, അസോസിയേഷൻ ഓഫ് ഫിഷറീസ് ഗ്രാജുവേറ്റസ് എന്നിവ മാലിന്യം നീക്കം  ചെയ്യുന്നതിൽ ഭാഗഭാക്കായി. 450 കിലോഗ്രാമോളം പ്ലാസ്റ്റിക്, അനുബന്ധ മാലിന്യങ്ങൾ ശേഖരിച്ചു തരം തിരിച്ചു ബീച്ചിൽ നിന്നു നീക്കി.

വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എ സാജിത്ത്, എടവനക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  വി.കെ ഇഖ്ബാൽ, വാർഡ് അംഗം സജിത്ത്,  ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്‌ ഡോ: എൻ.പി കുര്യൻ, ചെയർമാൻ ഡോ: എം.ബാബ, ഓൾ ഇന്ത്യ  കോർഡിനേറ്റർ ഡോ: ജയചന്ദ്രൻ, എന്നിവർ പങ്കെടുത്തു. ഡോ: പി പ്രിയജ, ഡോ: ഇ.ആർ ചൈതന്യ എന്നിവർ ഏകോപനം നിർവ്വഹിച്ചു.

date