Skip to main content

ഭിന്നശേഷി സൗഹൃദ ജില്ലയായി എറണാകുളം ; നാല് ബഡ്സ് സ്കൂളുകൾക്ക് കൂടി അനുമതി നൽകി

 

ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു

ജില്ലയിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി ബഡ്സ് സ്കൂൾ ആരംഭിക്കാൻ അനുമതി നൽകി. മൂവാറ്റുപുഴ മുൻസിപ്പാലിറ്റി, പൂതൃക്ക, പുത്തൻവേലിക്കര, കല്ലൂർക്കാട് ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് അനുമതി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ  ചേർന്ന ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് അനുമതി നൽകിയത്. 

അനുമതി ലഭിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം യോഗത്തിൽ പ്രസിഡൻ്റ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കിയ നൂതന തെറാപ്പി ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ പ്രസിഡൻ്റ് നിർവഹിച്ചു. ജില്ലയിൽ തിരഞ്ഞെടുത്ത 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

2021- 22 സാമ്പത്തിക വർഷത്തിൽ അനുമതി ലഭിച്ച ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. ആറ്  സ്ഥാപനങ്ങൾക്കാണ് ഈ കാലയളവിൽ അനുമതി നൽകിയത്. ഇതിൽ എടവനക്കാട് പഞ്ചായത്തിൽ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. 

മികച്ച രീതിയിൽ തുക ചിലവഴിച്ച 10 ഗ്രാമപഞ്ചായത്തുകൾക്ക് രണ്ടാം ഘട്ട തുകയായി 12,50,000 അനുവദിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

2019- 20 സാമ്പത്തിക വർഷത്തിൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ട് ലക്ഷം രൂപ അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു.

2018- 19 വർഷത്തിൽ ബഡ്സ് സ്ഥാപനം ആരംഭിക്കുന്നതിന് അനുമതി ലഭിക്കുകയും സംസ്ഥാന സര്‍ക്കാരില്‍ നിന്നും 12.5 ലക്ഷം രൂപ ലഭിച്ച 22 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും യോഗത്തിൽ ചര്‍ച്ചചെയ്തു. നിലവിൽ 15 സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മൊത്തം അനുവദിച്ച രണ്ടുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപയിൽ 15,959,196 രൂപ ചിലവഴിച്ചിട്ടുണ്ട്. തുക ലഭിച്ചിട്ടും ഇതുവരെ സ്കൂൾ ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുക സർക്കാരിലേക്ക് തിരിച്ചടക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.

പുതുതായി ബസ് വാങ്ങുന്നതിന്  15 ലക്ഷം വീതം അനുവദിച്ച 5 സ്ഥാപനങ്ങളും പുതിയ ബസ് വാങ്ങിയിട്ടുണ്ട്. ഇതിനായി 75 ലക്ഷം വിനിയോഗിച്ചതായും യോഗം വിലയിരുത്തി. സ്പെഷ്യൽ പാക്കേജ് പ്രകാരം 24 ബഡ്സ് സ്ഥാപനങ്ങളിൽ അനുവദിച്ച ഉപജീവന കേന്ദ്രങ്ങളിൽ 22 എണ്ണം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 36,82,846 രൂപ വിനിയോഗിക്കുകയും ചെയ്തു.

ബഡ്സ് സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന 12,50,000 രൂപ വിനിയോഗിക്കേണ്ടതിൻ്റെ മാർഗ്ഗനിർദേശങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി എം റജീന യോഗത്തിൽ വിശദീകരിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹീം, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം പി അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പി എച്ച് ഷൈൻ, സാമൂഹ്യ നീതി ഓഫീസർ (ഇൻ ചാർജ് ) എം വി സ്മിത, സോഷ്യൽ ഡെവലപ്മെൻ്റ് ജില്ലാ പ്രോഗ്രാം മാനേജർ കെ എം അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ സെക്രട്ടറിമാർ, പഞ്ചായത്ത്  മെമ്പർമാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,  ബഡ്സ് സ്കൂൾ അധ്യാപകർ ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date