Skip to main content

വാഴക്കുളം ബ്ലോക്കിൽ  32 അങ്കണവാടികള്‍ സ്മാര്‍ട്ട് നിലവാരത്തിൽ

 

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  അങ്കണവാടികൾ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2022- 23 സാമ്പത്തിക വർഷത്തിൽ 32 അങ്കണവാടികളാണ്  സ്മാര്‍ട്ട് ആക്കിയത്.  ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഓരോ അങ്കണവാടിക്കും 1.25 ലക്ഷം രൂപ വീതം 38 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.

 ബ്ലോക്ക്‌ പരിധിൽ ഉൾപ്പെടുന്ന വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, എടത്തല, ചൂർണ്ണിക്കര, കീഴ്മാട് പഞ്ചായത്തുകളിലെ നൂറ്റിഇരുപതു വാർഡുകളിലും ഒരു അങ്കണവാടി വീതം സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി പ്രവര്‍ത്തിക്കുന്നത്.
ഏറ്റവുമൊടുവില്‍ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 42-ാം നമ്പർ അങ്കണവാടിയാണ് സ്മാര്‍ട്ടാക്കിയത്. മുൻവർഷം 15 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയുടെ തുടർച്ചയായി 2023 - 24 സാമ്പത്തിക വർഷം 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

 കുട്ടികളുടെ മാനസികവും   ബൗദ്ധീകവുമായ വികാസത്തിന് സഹായകരമാകും വിധമാണ്  സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും. ഓരോ അങ്കണവാടിക്കും നിലവിലുള്ള സ്ഥല ലഭ്യതയനുസരിച്ചാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ പെയിന്റിംഗ്, കളിപ്പാട്ടങ്ങൾ, ഫർണീച്ചറുകൾ തുടങ്ങിയ ശിശു സൗഹൃദ അന്തരീക്ഷം, ടെലിവിഷൻ, മൈക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ  തുടങ്ങിയ സംവിധാനങ്ങളാണ് ഓരോ സ്മാര്‍ട്ട് അങ്കണവാടികളിലും ക്രമീകരിച്ചിട്ടുള്ളത്.

date