Skip to main content
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതല്‍ മൃഗങ്ങളെയും എത്തിച്ചു തുടങ്ങുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റവന്യൂ മന്ത്രി കെ രാജനൊപ്പം സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പുത്തൂര്‍ ഉണരാന്‍ ഇനി മാസങ്ങള്‍ മാത്രം

-സുവോളജിക്കല്‍ പാര്‍ക്കിൽ മൂന്നാംഘട്ട നിര്‍മ്മാണം തുടങ്ങി

-മന്ത്രിമാരായ എ കെ ശശീന്ദ്രനും കെ രാജനും പാര്‍ക്ക് സന്ദര്‍ശിച്ചു

-പുത്തൂരിനെ ടൂറിസം വില്ലേജാക്കി വികസിപ്പിക്കും

-ജൂലൈയോടെ കൂടുതല്‍ പക്ഷികളുമെത്തും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ജൂലൈ മാസത്തോടെ പക്ഷികളെയും കൂടുതല്‍ മൃഗങ്ങളെയും എത്തിച്ചു തുടങ്ങുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റവന്യൂ മന്ത്രി കെ രാജനൊപ്പം സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യക്ക് പുറത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. ഇക്കാര്യങ്ങളില്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര സുവോളജിക്കല്‍ പാര്‍ക്ക് വരുന്നതോടെ ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാകുന്ന പുത്തൂരിനെ മികച്ച ടൂറിസ്റ്റ് വില്ലേജ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. പഞ്ചായത്തിനും തദ്ദേശീയ ജനങ്ങള്‍ക്കും വരുമാനം ലഭിക്കത്തക്ക വിധമുള്ള പദ്ധതികള്‍ നടപ്പിലാക്കാനും ലക്ഷ്യമിടുന്നതായി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും പ്രകൃതി സൗഹൃദമായാണ് നടപ്പിലാക്കുക. ഗ്രാമത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഇവ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനമാണ് സുവോളജിക്കല്‍ പാര്‍ക്ക് കാഴ്ചവയ്ക്കുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. മൂന്നാംഘട്ട പ്രവൃത്തികള്‍ സമാന്തരമായി ആരംഭിച്ചതായും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. 269.75 കോടി രൂപയാണ് പാര്‍ക്കിനായി കിഫ്ബി അനുവദിച്ചത്. ഇതില്‍ നിന്ന് 170 കോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 46 കോടി പൂര്‍ണമായും ചെലവഴിക്കാനായി. തടസ്സങ്ങളൊന്നുമില്ലാതെ പ്രതീക്ഷിച്ച രീതിയില്‍ പ്രവൃത്തികള്‍ മുന്നോട്ട് പോവുകയാണെന്നും 2024 തുടക്കത്തില്‍ തന്നെ അഭിമാനകരമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തിലാണ്. ഭൂമി നല്‍കിയവര്‍ക്ക് ജൂലൈ മാസത്തോടുകൂടി തുക അനുവദിക്കും. നിലവില്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച 25 കോടിയില്‍ 23 കോടി രൂപയോളം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. റോഡ് നിര്‍മാണത്തിനായി കൂടുതല്‍ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാര്‍ക്കിലേക്ക് ഡിസൈന്‍ റോഡ് കിഫ്ബി ആലോചനയില്‍ ഉണ്ടെന്നും പുത്തൂരില്‍ സമാന്തര പാലം നിര്‍മ്മിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

എലവേറ്റഡ് വാക്ക് വേയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പാര്‍ക്കിലൂടെയുള്ള നടപ്പാതക്ക് അരികിലായി സോളാര്‍ സംവിധാനം സ്ഥാപിച്ചു തുടങ്ങി. ഭാവിയില്‍ സിയാല്‍ മാതൃകയില്‍ സോളാര്‍ സംവിധാനം വിപുലപ്പെടുത്താനും ആലോചനയുണ്ട്. പ്രകൃതിയുടെയോ പ്രദേശത്തിന്റെയോ തനിമ നഷ്ടപ്പെടാതെ വികസനം നടപ്പിലാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലൂടെ സുഗമമായി യാത്ര ചെയ്യുന്നതിനായി ട്രാം ട്രെയിന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനുള്ള താല്‍പര്യപത്രം ഇതിനകം ക്ഷണിച്ചു കഴിഞ്ഞു. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. കഫ്റ്റീരിയകള്‍, ടോയ് ലെറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കുരങ്ങുകള്‍, ചീങ്കണ്ണി, മുതല, കാട്ടുപോത്ത് തുടങ്ങിയവയ്ക്കായി ഒരുങ്ങുന്ന ആവാസ ഇടങ്ങള്‍ കിളിക്കൂടുകള്‍, ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം ഇരു മന്ത്രിമാരും സന്ദര്‍ശനം നടത്തി.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ കെ വര്‍ഗീസ്, ഡയറക്ടര്‍ ആര്‍ കീര്‍ത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, സിസിഎഫ് സെന്‍ട്രല്‍ സര്‍ക്കിള്‍ അനൂപ് കെ ആര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date