Skip to main content
റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ നടന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടില്‍ (കെ.എസ്.ടി.പി.) ജില്ലയില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ നിര്‍മ്മാണ  പുരോഗതി അവലോകന

കെ.എസ്.ടി.പി റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കല്‍: പുതിയ ഷെഡ്യൂള്‍ സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - തൃശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ സമര്‍പ്പിച്ച ഷെഡ്യൂള്‍ പുതുക്കി സമര്‍പ്പിക്കാന്‍ റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ നടന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടില്‍ (കെ.എസ്.ടി.പി.) ജില്ലയില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ നിര്‍മ്മാണ പുരോഗതി അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ കരാറുകാര്‍ സമര്‍പ്പിച്ച സമയക്രമം അംഗീകരിക്കാനാവില്ലെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പുതിയ ഷെഡ്യൂള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന ഷെഡ്യൂളിലെ സമയക്രമം ഒരു കാരണവശാലും അനുവദിക്കാനാവില്ല. കെഎസ്ടിപി റോഡ് പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലങ്ങളായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് ആവശ്യമായ ഗതാഗത ക്രമീകരണത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം.

നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ആവശ്യമായി വരുന്നുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം ജില്ലാ കലക്ടറെ അറിയിക്കണം. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ കലക്ടറുടെ അധ്യക്ഷതയില്‍ എത്രയും പെട്ടെന്ന് യോഗം ചേരണം. എല്ലാ ആഴ്ചയും കളക്ടറുടെ അധ്യക്ഷതയില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിലവില്‍ റോഡ് നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് ഏതെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങളുണ്ടായാല്‍ ദുരന്തനിവാരണ ആക്ട് പ്രകാരം കേസെടുക്കുമെന്ന് കരാറുകാര്‍ക്കും കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്കും മന്ത്രി മുന്നറിയിപ്പ് നല്‍കി. പുതുക്കി സമര്‍പ്പിക്കുന്ന ഷെഡ്യൂളിലെ സമയക്രമം പാലിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ വന്നാല്‍ കരാര്‍ റദ്ദാക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, എഡിഎം ടി മുരളി, പ്രോജക്ട് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെഎസ്ടിപി ചീഫ് എഞ്ചീനിയര്‍ കെ എഫ് ലിസി, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് സിനോജ്, കെ കെ സജിവ്, കെഎസ്ടിപി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date