Skip to main content
ഗുരുവായൂർ  റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ യോഗത്തിലാണ് തീരുമാനം.

ഗുരുവായൂർ റെയിൽവേ മേൽപ്പാലം: സൂപ്പർസ്ട്രക്ച്ചറിന് അന്തിമ അംഗീകാരം ലഭ്യമാക്കാൻ ഉന്നതതല യോഗം ചേരും

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് സൂപ്പർസ്ട്രക്ച്ചറിന് അന്തിമ അംഗീകാരം ലഭ്യമാക്കുന്നതിന് ഉന്നത തലത്തിൽ യോഗം ചേരും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

സൂപ്പർസ്ട്രക്ച്ചറിന് അന്തിമ അംഗീകാരം ലഭിക്കാത്തതിനാൽ രണ്ട് മാസമായി മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് തടസ്സം നേരിടുകയാണെന്നും എംഎൽഎ ചൂണ്ടികാട്ടി. റെയിൽവേയുടെ ടെക്നിക്കൽ വിഭാഗമായ ആർഡിഎസ്ഒ സൂപ്പർസ്ട്രക്ച്ചറിന് പ്രാഥമിക അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി അന്തിമ അംഗീകാരം നൽകേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ റെയിൽവേയുടെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള കാലതാമസം റെയിൽവേ മേൽപ്പാല നിർമ്മാണത്തെ ബാധിക്കുന്നുണ്ടെന്നും എംഎൽഎ യോഗത്തെ അറിയിച്ചു.

റെയിൽവേ മേൽപ്പാല നിർമ്മാണ ഏജൻസിയായ ആർബിഡിസികെയുടെ സർവ്വീസ് റോഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ വില നിശ്ചയിച്ച് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, നഗരസഭ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല, ടെമ്പിൾ പോലീസ് സ്റ്റേഷൻ സിഐ പ്രേമാനന്ദൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date