Skip to main content

ജില്ലാ പഞ്ചായത്തിന്റെ മികവ് ,കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച ( ജൂൺ 11)

 

റിവൈവ്, അമൂല്യം, വെബ് ജാലകം പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

ജില്ലാ പഞ്ചായത്തിന്റെ മികവ് ,കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച ( ജൂൺ 11)  ഉച്ചക്ക്‌ രണ്ടിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. റിവൈവ്, അമൂല്യം, വെബ് ജാലകം  തുടങ്ങിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിക്കുന്നത്. നവീകരിച്ച ജില്ലാ പഞ്ചായത്ത് ഹാളിന്റെയും പീപ്പിൾസ് ഗാർഡന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് മികവ്. പദ്ധതിപ്രകാരം വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്ന അംഗീകൃത ഏജന്‍സികൾ വഴി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകി വരുന്നു.65,00,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ  യുവജനങ്ങൾക്ക്   വിവിധ സർക്കാർ സ്ഥാപനങ്ങളിൽ  അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്  നൽകുന്ന പദ്ധതിയാണ് കിരണം. 9,86,568/- രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വൻ സ്വീകാര്യത ലഭിച്ച ഈ പദ്ധതി കൂടുതല്‍ ഏജന്‍സികളെ സഹകരിപ്പിച്ച് കൂടുതല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷവും തുടരുവാനാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. 1,60,00,000 രൂപയാണ്  ഈ വർഷം പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്. മികവ്, കിരണം പദ്ധതി വഴി 310 ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം ലഭിച്ചു. 
 

ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ ചെയ്ത് അർഹരായ ആവശ്യക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ 2023-24 വർഷം ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് റിവൈവ്. പദ്ധതിയുടെ ഭാഗമായി തൃക്കാക്കര ഗവൺമെൻറ് മോഡൽ എൻജിനീയറിങ് കോളേജിന്റെ സഹകരണത്തോടെയാണ് ഇ-മാലിന്യങ്ങളുടെ ശേഖരണം, റിപ്പയറിങ് എന്നിവ നടത്തുക. പദ്ധതിക്കായി ആദ്യഘട്ടത്തിൽ10 ലക്ഷം രൂപയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്.
റിവൈവ് പദ്ധതി വഴി റിപ്പയർ ചെയ്ത് പുനരുപയോഗ സജ്ജമാകുന്ന കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും
വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന നൈപുണ്യ നഗരം പദ്ധതി ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകും.

 ജനിച്ച ഉടനെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കും സന്നദ്ധരായ അമ്മമാരുടെ സഹകരണത്തോടെ അങ്കണവാടികൾ വഴി മുലപ്പാൽ ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൂല്യം എന്ന പേരിലുള്ള പുതിയ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. വിജ്ഞാനത്തിലൂടെ വിനോദം എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് അവതരിപ്പിക്കുന്ന പദ്ധതിയാണ് വെബ് ജാലകം. പദ്ധതി വഴി കളിയിലൂടെ അറിവ് നേടാൻ കഴിയുന്ന മൊബൈൽ ഗെയിം കുട്ടികൾക്കും മുതിർന്നവർക്കും മുന്നിലേക്ക് എത്തും. പൊതുവിജ്ഞാനം, പാഠ്യപദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുത്തും.

ജില്ലാ പഞ്ചായത്ത് ഹരിതാഭമാക്കുന്നതിനു വേണ്ടി ഏറ്റെടുത്ത പദ്ധതിയാണ് ഹരിത കാര്യാലയം. ഇതിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തങ്കണത്തില്‍ പീപ്പിള്‍സ് ഗാര്‍ഡന്‍ എന്ന പേരില്‍ പൂന്തോട്ടം നിര്‍മ്മിച്ചിട്ടുണ്ട്.  വിവിധ തരം പൂച്ചെടികള്‍, അലങ്കാരച്ചെടികള്‍, ആമ്പല്‍കുളം, വളളിക്കുടില്‍, ഇരിപ്പിടങ്ങള്‍, ഊഞ്ഞാല്‍, പുല്‍ത്തകിടി എന്നിവ പീപ്പിള്‍സ് ഗാര്‍ഡന്‍ എന്ന പൂന്തോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്. 

  ആധുനികവത്കരിച്ച ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളിൽ  സെന്‍ട്രലൈസ്ഡ് എ.സി., എല്‍.ഇ.ഡി.വാള്‍ എന്നിവ സ്ഥാപിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് . പൊതുപരിപാടികള്‍ക്ക് പുറമേ സത്കാര പരിപാടികള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഹാള്‍ അനുവദിക്കും.സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 
ജില്ലാ പഞ്ചായത്ത് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

date