Skip to main content

മീഞ്ചന്ത ഗവ വി.എച്ച്.എസ് സ്കൂളിൽ 'വർണ്ണക്കൂടാരം' ഉദ്ഘാടനം ചെയ്തു

 

മീഞ്ചന്ത ഗവ. വി.എച്ച്.എസ് സ്കൂളിൽ മാതൃക പ്രീ പ്രൈമറി 'വർണ്ണക്കൂടാരം' തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കുട്ടികൾക്ക് ഏറ്റവും മികച്ച പ്രീ സ്കൂൾ വിദ്യാഭ്യാസം ലഭിക്കണം. ഇതിനായി ദേശീയവും  അന്തർദേശീയവുമായ മാതൃകകളെ പിന്തുടരണം. അതോടൊപ്പം പ്രാദേശികമായ അന്വേഷണങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി കേരളീയ മാതൃക സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. ഈ ലക്ഷ്യത്തോടെയാണ് വർണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ രമ്യ സന്തോഷ് അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിർമ്മിച്ച പ്ലേ ഗ്രൗണ്ട് കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ നാസർ ഉദ്ഘാടനം ചെയ്തു. 

സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയിലൂടെ യു.ആർ.സി കോഴിക്കോട് സൗത്ത് മുഖേന 11 ലക്ഷം രൂപ ചെലവിലാണ് മീഞ്ചന്ത ഗവ. വി.എച്ച്.എസ് സ്കൂളിൽ വർണ്ണക്കൂടാരം ഒരുക്കിയത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് ഓരോ സ്‌കൂളിലും സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങിൽ എസ്.എസ്.കെ പ്രൊജക്റ്റ്‌ ഓഫീസർ യമുന പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ ജയശീല, ബിജുലാൽ, നവാസ് വാടിയിൽ, യു.ആർ.സി സൗത്ത് ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പ്രവീൺ കുമാർ വി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മുഹമ്മദ്‌ യൂനുസ് പി.പി, അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എച്ച്.എം മോളി പി.യു സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഷാജി പി നന്ദിയും പറഞ്ഞു.

date