ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാർ ലക്ഷ്യം; മന്ത്രി അഹമ്മദ് ദേവർകോവിൽ
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് സ്കൂൾ റിസോഴ്സ് റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ സ്കൂളുകളിലും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കുകയും ചെയ്തുകൊണ്ട് ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടന്നുവരികയാണ്. എല്ലാ പൗരന്മാർക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിന് ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കുള്ള ഉപകരണങ്ങൾ, ടി.വി, ഫർണിച്ചർ എന്നിവ വാർഡ് കൗൺസിലർ കെ മോഹനൻ കൈമാറി.
എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം മോഡൽ ഇൻക്ലൂസീവ് പ്രൊജക്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ മുഖ്യാതിഥിയായി. ഡി.പി.ഒ ഷീബ വി.ടി, റൂറൽ എ.ഇ.ഒ ഗീത പി.സി, ബി.പി.സി ഹരീഷ്, പി.ടി.എ പ്രസിഡന്റ് ഷാജി എം.പി, എം.പി.ടി.എ പ്രസിഡന്റ് റജുല എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഡോ എൻ. പ്രമോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഖിൽ കെ.എം നന്ദിയും പറഞ്ഞു.
- Log in to post comments