Skip to main content

കാലവർഷം: അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നടപടികളുമായി ജില്ലാ ഭരണകൂടം

 

ജില്ലയിൽ കാലവർഷം ആരംഭിക്കുകയും ജൂൺ എട്ടിന് ഓറഞ്ച് അലർട്ട്, ജൂൺ ഒൻപതിന് യെല്ലോ അലർട്ട് എന്നിവ പ്രഖ്യാപിക്കുകയും ചെയ്തതിനാൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നടപടികളുമായി ജില്ലാ ഭരണകൂടം.  ജില്ലയിൽ മുൻകരുതൽ നടപടികളും അടിയന്തിര സാഹചര്യം നേരിടാനുള്ള നടപടികളും സംബന്ധിച്ച് ദുരന്തനിവാരണ നിയമം പ്രകാരം ജില്ലാ കലക്ടർ എ.ഗീത ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ മുഴുവൻ വകുപ്പുകളും തയ്യാറായിരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

ജില്ലാ ദുരന്തനിവാരണ അടിയന്തിര കൺട്രോൾ റൂം ഉൾപ്പെടെ താലൂക്ക് ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തന ക്ഷമമായിരിക്കും.  പോലീസ്, ഫയർ ആന്റ് റെസ്ക്യൂ, ഇറിഗേഷൻ, വൈദ്യുതി, ബി.എസ്.എൻ.എൽ എന്നീ വകുപ്പുകൾക്ക് അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും ഓരോ ആറുമണിക്കൂറിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാനും ഈ വിവരം ജില്ലാ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാനും നിർദ്ദേശമുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുകയും പ്രാദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ സജ്ജമാക്കാൻ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.

24 മണിക്കൂറിൽ അധികം മഴ തുടർന്നാൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നിർത്തിവയ്ക്കാനുള്ള നടപടി അതാത് തഹസിൽദാർമാർ സ്വീകരിക്കും. വാഹനങ്ങൾ ആവശ്യമായി വന്നാൽ അടിയന്തിരമായി അവ ഏർപ്പാടാക്കാൻ ട്രാൻസ്പോർട്ട് ഓഫീസർ നടപടി സ്വീകരിക്കും. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഡ്രൈനേജിലെ തടസ്സങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശമുണ്ട്.

റോഡുകളിലെ അപകടകരമായ കുഴികളും തടസ്സങ്ങളും നീക്കാൻ ആവശ്യമായ ജോലിക്കാരുടെ ടീമിനെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം  എക്സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറാക്കി നിർത്തണം. നദികൾ, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പാറക്കെട്ടുകൾ, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മഴയുടെ കാഠിന്യം കുറയുന്നത് വരെ പ്രവേശനം നിരോധിക്കും.

ജില്ലയിൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കും. പോലീസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും കർശനമായി നിരോധനം നടപ്പാക്കണം. കനത്ത മഴയെ തുടർന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കാനും വൈദ്യുതി ലൈനുകളിലെ തടസ്സങ്ങൾ, അപകടങ്ങൾ എന്നിവ ഒഴിവാക്കാനും എമർജൻസി ടീമിനെ കെ.എസ്.ഇ.ബി നിയോഗിക്കും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ മത്സ്യബന്ധനത്തിനോ അല്ലാതെയോ ജനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിക്കും. ഇക്കാര്യം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പുവരുത്തും. മത്സ്യത്തൊഴിളികൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പുവരുത്തും.  ഓറഞ്ച് അലർട്ട് പിൻവലിക്കും വരെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോരപ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണം. 

പുനരധിവാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യത്തിൽ ദുരിതബാധിതർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികൾ തഹസിൽദാർമാർ ഉറപ്പുവരുത്തും. ക്യാമ്പുകളിൽ വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസർ  സ്വീകരിക്കും. ക്യാമ്പുകളിൽ ദിവസത്തിൽ ഒരിക്കലെങ്കിലും ഡോക്ടർ സന്ദർശനം നടത്തണം. ക്യാമ്പുകളിൽ താമസിക്കുന്നവർക്കുള്ള സൗകര്യങ്ങൾ, സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ ഉറപ്പുവരുത്തും.

ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും ആവശ്യത്തിനനുസരിച്ച് വിതരണം നടത്താൻ ജില്ലാ സപ്ലൈ ഓഫീസർ, സിവിൽ സപ്ലൈസ് റീജണൽ മാനേജർ എന്നിവർ നടപടി സ്വീകരിക്കും. ആവശ്യം വരുന്ന മുറയ്ക്ക് സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ ദുരന്തനിവാരണ അതോറിറ്റിക്ക് വിട്ടു നൽകേണ്ടതാണ്.

ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗ്ഗങ്ങൾ ഉറപ്പാക്കി എന്നും മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കി എന്നും ഡ്രൈനേജുകൾ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കി എന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്റ്റ് ഡയറക്ടർ ഉറപ്പുവരുത്തണം. റോഡ് അരികിലെ ഓടകൾ തുറന്നിരിക്കുന്നില്ലെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഉറപ്പുവരുത്തും.

അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനായി ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ-
ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രം - 1077, 0495-2371002
കോഴിക്കോട് താലൂക്ക് - 0495-2372967
താമരശ്ശേരി താലൂക്ക്- 0495-2224088
കൊയിലാണ്ടി താലൂക്ക്- 0496-2623100
വടകര താലൂക്ക് -0496-2520361

date