ചൂളമടിച്ച് പായാനൊരു മൊബൈൽ ടാങ്കർ യൂണിറ്റ് കൂടി
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു
വാണിയംപാറയിൽ ഫയർ സ്റ്റേഷൻ അനുവദിക്കും
ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനായി തൃശൂർ വാണിയംപാറയിൽ എമർജൻസി ഓപ്പറേഷൻ സെൻ്ററായി ഫയർ സ്റ്റേഷൻ അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
എമർജൻസി ഓപ്പറേഷൻ സെൻ്ററിനായി പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. അധികമായി വരുന്ന തുക കണ്ടെത്തും. പാലിയേക്കര മുതൽ വാണിയംപാറ വരെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനായി 2.18 കോടി രൂപ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനാവശ്യമായി കൺട്രോൾ യൂണിറ്റുകളും സ്ഥാപിക്കും. കാലങ്ങളായി ഹൈവേയിൽ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ലാഗ് ഓഫ് കർമ്മത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, വാർഡ് കൺസിലർ സിന്ധു ചാക്കോള, ജില്ലാ ഫയർ ഓഫീസർ എം എസ് സുബി, സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments