അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടി സാഹചര്യങ്ങൾ വിലയിരുത്തണം -മന്ത്രി ജി. സുധാകരൻ
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയരാനുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കമ്മറ്റികൾ വിളിച്ചുകൂട്ടി ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനും ആവശ്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കളക്ട്രേറ്രിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ താലൂക്കിലെ ആല ഒഴികെയുള്ള എല്ലായിടവും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മാന്നാർ, കുട്ടനാട് താലൂക്കിലെ മുഴുവൻ പ്രദേശങ്ങൾ, അമ്പലപ്പുഴ ടൗൺ കിഴക്കുഭാഗം, ചെറുതന, വീയപുരം, കരുവാറ്റ, കുമാരപുരം, പുന്നപ്ര ചില ഭാഗങ്ങൾ, മാവേലിക്കര, തഴക്കര, കണ്ഠമംഗലം തുടങ്ങി മിക്ക പ്രദേശങ്ങളിലും വെള്ളം ഉയരാനാണ് സാധ്യത. ഇവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
(പി.എൻ.എ 2322/2018)
കുടിവെള്ളം എല്ലായിടവും എത്തിക്കണം-ജില്ലാകളക്ടർ
എല്ലായിടവും കുടിവെള്ളം പരമാവധി എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും വാട്ടർ അതോറിട്ടിയും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു.പഞ്ചായത്ത് സെക്രട്ടറിമാർ ജോലിയിൽ നിർബന്ധമായും ഹാജരാകണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെക്രട്ടറിമാരും ക്യാമ്പുകൾ നിർബന്ധമായും സന്ദർശിക്കണം. ക്യാമ്പുകളിലേക്ക് ഭക്ഷണം, പച്ചക്കറി എന്നിവ ജില്ലാഭരണകൂടം ഉറപ്പാക്കുമെന്ന് കളക്ടർ പറഞ്ഞു. എടത്വ, മാന്നാർ, തലവടി, തകഴി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിലെ ജനങ്ങൾ ശ്രദ്ധിക്കണം. ജില്ലാ കളക്ടർ നേരിട്ട് ചെങ്ങന്നൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി . പമ്പയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അപ്പർ കുട്ടനാട്ടിലെ റിസോർട്ടുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും.
(പി.എൻ.എ 2323/2018)
- Log in to post comments