Skip to main content

പ്രളയ മേഖലകളിലെ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഹരിതകേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം

 

സംസ്ഥാനത്ത് പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും കുടിവെള്ള സ്രോതസുകളും പൊതുസ്ഥലങ്ങളും ശുചിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള തീവ്രയജ്ഞത്തിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവ ചേര്‍ന്നാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, എന്‍.എസ്.എസ്, എന്‍.സി.സി., യൂത്ത് ക്ലബ്ബുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, തുടങ്ങിയവര്‍ക്ക് ഹരിതകേരളം മിഷന്‍ മുഖേന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാം. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 0471-2449939 എന്ന ഫോണ്‍ നമ്പറിലും 9188120320, 9188120316 എന്നീ മൊബൈല്‍ നമ്പറുകളിലുമാണു പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്ന് (ഓഗസ്റ്റ് 21) വൈകിട്ടു ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.

ശുചീകരണത്തിനായി വാര്‍ഡ്തലത്തില്‍ ടീം രൂപീകരിക്കുന്നതിനാണ് രജിസ്‌ട്രേഷന്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ്ചട്ടി, റബ്ബര്‍ കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമ ശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ അടിയന്തരമായി ആവശ്യമാണ്. ഇവ നല്‍കാന്‍ തയ്യാറുള്ളവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവ ജില്ലാതലത്തിലുള്ള ശേഖരണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഹരിതകേരളം മിഷന്‍ നല്‍കുമെന്നും ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
(പി.ആര്‍.പി. 2183/2018)
 

date