മഴക്കെടുതി ശുചീകരണം സംബന്ധിച്ചു ജില്ലാതല യോഗം ചേര്‍ന്നു
** കുടിവെള്ളം ആവശ്യമുള്ളിടത്ത് ടാങ്കറില്‍ എത്തിക്കും
** ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം
മഴക്കെടുതി മൂലം വിവിധ ക്യാമ്പുകളില്‍ താമസിച്ചു സ്വന്തം വീടുകളിലേക്കു മടങ്ങുന്നവരുടെ പുനരധിവാസം സംബന്ധിച്ച് തിരുവനന്തപുരത്തെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. മഴക്കെടുതിയില്‍ മലിനജലം കയറി നിറഞ്ഞ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. കുടിവെള്ളം ആവശ്യമുള്ളിടത്തുനിന്ന് അറിയിച്ചാല്‍ ടാങ്കറില്‍ ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീടുകളിലേക്കു തിരിച്ചെത്തുന്നവര്‍ മെയിന്‍ സ്വീച്ച് ഓണ്‍ ആക്കരുതെന്നും ഒരു ഇലക്ട്രീഷ്യന്റെ സാന്നിധ്യത്തില്‍ മാത്രം വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍നിന്നുള്ള 360 പേര് അടങ്ങുന്ന ഗ്രീന്‍ ആര്‍മി ഇന്ന് (ഓഗസ്റ്റ് 21) ശുചീകരണത്തിന് ആവശ്യമായ വസ്തുക്കളുമായി ചെങ്ങന്നൂരേയ്ക്കു തിരിക്കും. വര്‍ക്കല, ആറ്റിങ്ങല്‍ നഗരസഭകളില്നിന്നുള്ള നൂറിലധികം ജീവനക്കാരും ശുചീകരണ പ്രക്രിയയ്ക്കുള്ള അവശ്യ സാധനങ്ങളുമായി ചെങ്ങന്നൂരിലേക്കു പുറപ്പെടും.
ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവര്‍ ശുചീകരണ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കാനും യോഗത്തില്‍ തീരുമാനമായി. കുടുംബശ്രീ, പഞ്ചായത്ത് തലത്തില്‍ എട്ടു മുതല്‍ പത്തു പേര് അടങ്ങുന്ന സംഘമായി തിരിഞ്ഞ് തിരുവനന്തപുരം ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും യോഗം തീരുമാനിച്ചു. ഇതിന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ലോഷന്‍, മറ്റ് അണുനാശിനികള്‍ എന്നിവ ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നല്‍കും. മുഴുവന്‍ പ്രവര്‍ത്തനങ്ങളും ജില്ലാ ശുചിത്വ മിഷന്റെ മേല്‍നോട്ടത്തിലാകും നടക്കുക. വിവിധ ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് യോഗം അഭ്യര്‍ഥിച്ചു. അതതു ജില്ലാ ഭരണകൂടവുമായി ഇവര്‍ക്കു ബന്ധപ്പെടാം.
എ.ഡി.എം. വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍(ഡിസാസ്റ്റര്‍ മാനേജ്മെന്റ്) അനു എസ്. നായര്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. അനൂപ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 2186/2018)
- Log in to post comments