പ്രളയബാധിതര്‍ക്കായി തിരുവനന്തപുരത്തുനിന്ന് അയച്ചത് 156 ലോഡ് അവശ്യസാധനങ്ങള്‍
** സാധനങ്ങളുടെ വിതരണം സുഗമമാക്കാന്‍ പ്രളയബാധിത ജില്ലകളില്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ലെയ്സണ്‍ ഓഫിസര്‍മാര്‍
** ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 102 ലോഡ് സാധനങ്ങള്‍
** നഗരസഭ അയച്ചത് 26 ലോഡ്
** പഞ്ചായത്ത് വകുപ്പ് 16 ലോഡ്
** പൊലീസ് എട്ടു ലോഡ് അയച്ചു
** കളക്ഷന്‍ സെന്ററുകളിലേക്കു ജനപ്രവാഹം
പ്രളയക്കെടുതി രൂക്ഷമായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇതുവരെ 156 ലോഡ് അവശ്യ സാധനങ്ങള്‍ അയച്ചതായി ടൂറിസം - സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനവും വിലയിരുത്തുന്നതിനായി സെക്രട്ടേറിയറ്റ് അനസ്ക്സില് കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 102 ലോഡ് സാധനങ്ങള്‍ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ 26ഉം പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ 20ഉം പൊലീസിന്റെ നേതൃത്വത്തില്‍ എട്ടും ലോഡ് സാധനങ്ങള്‍ അയച്ചു.
പ്രളയബാധിത ജില്ലകളിലെ ആവശ്യമായ ഇടങ്ങളില്‍ സാധനങ്ങള്‍ കൃത്യമായി എത്തിക്കുന്നതിനും സുഗമമായി വിതരണം ചെയ്യുന്നതിനും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ലെയ്സണ്‍ ഓഫിസര്‍മാരായി വിവിധ ജില്ലകളില്‍ നിയോഗിക്കും. ബി.ഡി.ഒമാരെയും വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയുമാണു നിയോഗിക്കുന്നത്.
സാധനങ്ങളുടെ ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രത്യേക കണ്ട്രോള് റൂം ആരംഭിക്കാനും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കാനും മന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി. വിവിധ സംഘടനകളും വ്യക്തികളും നല്കുന്ന സാധനങ്ങള്‍ ജില്ലാ ഭരണകൂടം വഴി കൃത്യമായി ആവശ്യമുള്ള സ്ഥലങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രളക്കെടുതിയില്നിന്നു രക്ഷിച്ച് ജില്ലയിലെത്തിക്കുന്നവരെ പാര്‍പ്പിക്കുന്ന ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 24 മണിക്കൂറും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്. മഴക്കെടുതിമൂലം ജില്ലയില്‍ വിവിധ മേഖലകളിലുണ്ടായ നാശനഷ്ടം അടിയന്തരമായി കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും മന്ത്രി നിര്‍ദേശം നല്കി. സാധനങ്ങള്‍ എത്തിക്കുന്നതിന് കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ലോറി ഉടമ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണം തേടും.
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളും കളക്ഷന്‍ സെന്ററുകളും മന്ത്രി സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍, എ.ഡി.എം. വി.ആര്. വിനോദ്, ഡി.സി.പി. ആര്. ആദിത്യ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.പി. 2162/2018)
- Log in to post comments