കളക്ഷന്‍ സെന്ററുകളിലേക്ക് ഇന്നും സഹായ പ്രവാഹം
കളക്ഷന്‍ സെന്ററുകളിലേക്ക് ഇന്നും സഹായഹസ്തങ്ങളുമായി ജനം ഒഴുകുകയാണ്. ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും തരംതിരിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും നൂറുകണക്കിനു വൊളന്റിയര്‍മാരും രംഗത്തുണ്ട്. ജില്ലയിലെ വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് 24 മണിക്കൂറും സാധനങ്ങള്‍ തരംതിരിക്കുന്നതിലും പായ്ക്ക് ചെയ്യുന്നതിലും വ്യാപൃതരാണ്.
നാലു പ്രധാന കളക്ഷന്‍ സെന്ററുകളില്നിന്നാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ അയക്കുന്നത്. കോട്ടണ്‍ ഹില്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍നിന്ന് ഇന്ന് ഏഴു ലോഡ് സാധനങ്ങള്‍ അയച്ചു. ഹരിപ്പാട്, ചെങ്ങന്നൂര്‍ മേഖലകളിലേക്കാണ് ഇവ പോയത്. ഇതില്‍ മരുന്നുകള്‍ മാത്രമടങ്ങിയ ഒരു ലോഡുമുണ്ട്. എസ്.എം.വി. സ്കൂളിലെ കളക്ഷന്‍ സെന്ററില്‍നിന്ന് ഇന്നു 17 ലോഡുകള്‍ അയച്ചു. പ്രിയദര്‍ശിനി ഹാളില്‍നിന്ന് ഇന്ന് ഉച്ചതിരിഞ്ഞാണു ലോഡുകള്‍ അയച്ചു തുടങ്ങിയത്. സാധനങ്ങളെത്തിക്കുന്നവരുടെ തിരക്കേറിയതിനെത്തുടര്ന്നു കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലും കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ സ്കൂളുകളുടേയും സന്നദ്ധ സംഘടനകളുടേയും മറ്റു സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ നിരവധി കളക്ഷന്‍ സംവിധാനങ്ങള്‍ തുറന്നിട്ടുണ്ട്. ഇവര്‍ ശേഖരിക്കുന്ന വസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ കളക്ഷന്‍ സെന്ററുകളിലേക്കു സാധനങ്ങളെത്തിക്കുന്നു. അവധിദിനമായിരുന്നിട്ടുകൂടി ആയിരക്കണക്കിന് ആളുകളാണ് സാധനങ്ങള്‍ വാങ്ങി ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. റോഡ് മാര്‍ഗമുള്ള വിതരണത്തിനൊപ്പം ഹെലികോപ്റ്റര്‍ വഴിയും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.
(പി.ആര്.പി. 2163/2018)
- Log in to post comments