അയ്യന്‍കുന്നില്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായി എന്‍ എസ് എസ് വിദ്യാര്‍ഥികളും
പ്രളയത്തെ തുടര്‍ന്ന് താമസക്കാര്‍ ഒഴിഞ്ഞ വീടുകള്‍ വൃത്തിയാക്കാനും തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കാനും സന്നദ്ധ പ്രവര്‍ത്തനവുമായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റുകള്‍ രംഗത്ത്. ജില്ലയില്‍ ഏറ്റവുമധികം കെടുതികള്‍ ഉണ്ടായ അയ്യന്‍കുന്ന് പഞ്ചായത്തിലാണ് ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരായ കുട്ടികളും പങ്കാളികളായത്. കരിക്കോട്ടക്കരി, പാറക്കപ്പാറ മേഖലകളില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി മൂന്ന് എന്‍ എസ് എസ് യൂനിറ്റുകളിലെ വിദ്യാര്‍ഥികളാണ് ചൊവ്വാഴ്ച ജോലിക്കിറങ്ങിയത്. സേക്രട്ട്ഹാര്‍ട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ്, സെന്റ് മേരീസ് എച്ച്എസ്എസ്് എടൂര്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് കുന്നോത്ത് എന്നീ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശ്രമദാനത്തില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വാര്‍ഡ് അംഗം മേരി വാഴാംപ്ലാക്കല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പി സി സജയ്, റോബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Log in to post comments