Skip to main content
ജില്ലയിലെ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു.

ബഡ്സ് ഡേ ജില്ലാതല ബഡ്‌സ് സംഗമം സംഘടിപ്പിച്ചു

ജില്ലയിലെ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ബഡ്സ് സംഗമത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി.

ചടങ്ങിൽ ജില്ലാ അസിസ്റ്റൻറ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനും നടനുമായ നന്ദകിഷോർ വിശിഷ്ടാതിഥിയായി.

ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ബഡ്സ്, ബിആർസികൾ. 18 വയസ്സിന് മുകളിലുള്ള, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി 2013 ലാണ് ബഡ്സ് പുനരധിവാസകേന്ദ്രങ്ങൾ (ബഡ്സ് റീഹാബി ലിറ്റേഷൻ സെന്റർ) ആരംഭിച്ചത്.

ഈ കേന്ദ്രങ്ങളിൽ പ്രധാനമായും ഇവരുടെ തൊഴിലിനും ഉപജീവനത്തിനും ഉതകുന്ന തരത്തിലുള്ള പരിശീലനത്തിനാണ് മുൻഗണന നൽകുന്നത്.

തൃശ്ശൂർ ജില്ലയിൽ നിലവിൽ 18 ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാല് ബഡ്സ് സ്കൂളുകളിലും 14 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളിലുമായി 530 കുട്ടികളുണ്ട്.

കുടുംബശ്രീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് 2004 ൽ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ബഡ്സ് സ്പെഷ്യൽ സ്കൂൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ആഗസ്റ്റ് 16 നാണ് ജില്ലാ തലത്തിൽ ബഡ്സ് ഡേ ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിക്കുന്നത്

ബഡ്‌സ് സംഗമത്തിൽ തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എ കവിത , വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി, തൃശൂർ കോർപ്പറേഷൻ സിഡിഎസ് 1 ചെയർപേഴ്സൺ സത്യഭാമ വിജയൻ, ജില്ല സാമൂഹ്യ നീതി ഓഫീസർ ( ഇൻചാർജ്ജ്) ജോയ്സി സ്റ്റീഫൻ, കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ രാധാകൃഷ്ണൻ, എസ് സി നിർമ്മൽ , കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.കെ പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാതല സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാവരി ടീമിന്റെ നാടൻപാട്ടും അവതരിപ്പിച്ചു.

date