കുമ്പളങ്ങിയിൽ പുതിയ അങ്കണവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ രണ്ടാമത്തെ അങ്കണവാടിയുടെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് നിർവഹിച്ചു. കുമ്പളങ്ങി തട്ടാളിത്തറ ഭാഗത്ത് 14,50,000 രൂപ മുതൽമുടക്കിലാണ് 23-ാം നമ്പർ അങ്കണവാടി ഒരുങ്ങുന്നത്. 60 ശതമാനം ഫണ്ട് ശിശുക്ഷേമ വകുപ്പും 40 ശതമാനം പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിക്കുക.
ശിശു സൗഹൃദ ഫർണിച്ചറുകൾ, ചുമർ ചിത്രങ്ങൾ, കളി ഉപകരണങ്ങൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന നിരവധി സംവിധാനങ്ങൾ പുതിയ അങ്കണവാടിയിൽ ഒരുക്കും. കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്ന അങ്കണവാടി മൂന്നുമാസത്തിനുള്ളിൽ നിർമ്മിച്ച് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ പി.എ സഗീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു തോമസ്, പഞ്ചായത്ത് മെമ്പർ റീത്ത പീറ്റർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഹൈബി ഈഡന്‍ എംപിയുടെ നിര്‍ദ്ദേശപ്രകാരം സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിക്കുന്ന സ്മാര്‍ട്ട് അങ്കണവാടി അടുത്തമാസം നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ച 2 സെന്റ് സ്ഥലത്ത് 22 ലക്ഷംരൂപയുടെ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന അങ്കണവാടി ആധുനിക നിലവാരത്തിലാണ് പൂർത്തീകരിക്കുക.
വാടക കെട്ടിടങ്ങൾ ഒഴിവാക്കി പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പി.എ സഗീർ പറഞ്ഞു. നിലവിൽ 32 അങ്കണവാടികളാണ് കുമ്പളങ്ങിയിലുള്ളത്.
- Log in to post comments