Skip to main content
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി ചത്വരത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു.

ഗാന്ധിജിയുടെ ജീവിതസന്ദേശം  പ്രസക്തം: ഡോ. എൻ. ജയരാജ്

ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കം

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. കോട്ടയം ഗാന്ധിചത്വരത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ലോകമെമ്പാടും അക്രമത്തിന്റെയും അനീതിയുടെയും അസ്വസ്ഥതകൾ നമ്മെ അലോസരപ്പെടുത്തുന്ന കാലഘട്ടത്തിൽ ഗാന്ധിജി നൽകിയ ജീവിതസന്ദേശം ഏറെ പ്രസക്തമാണെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു.
പുതുതലമുറ ആവേശത്തോടെ വായിക്കേണ്ട പാഠപുസ്തകമാണ് മഹാത്മാ ഗാന്ധിയുടെ ജീവിതം. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ സഹന സമരം ചെയ്യാനും അഹിംസയുടെ സിദ്ധാന്തം ലോകത്തെ പഠിപ്പിക്കാനും തയാറായ മഹാനായ ഗുരുനാഥനായിരുന്നു മഹാത്മാഗാന്ധി. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു വ്യക്തി ലോകത്തിൽ ജീവിച്ചിരുന്നെന്ന് നാളത്തെ തലമുറ അത്ഭുതത്തോട മാത്രമേ കാണൂവെന്ന് മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. മഹാത്മഗാന്ധിയ്ക്ക് ശേഷം അത്തരമൊരു മാതൃക ലോകത്തിൽ പിന്നീടുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  
സമാധാനത്തിന് വേണ്ടി ഗാന്ധിജി എടുത്ത നിലപാടുകൾ ലോകത്തിൽ മറ്റാർക്കുമെടുക്കാൻ സാധിക്കില്ലെന്നും ആ മാതൃക ഉൾക്കൊണ്ട് ജാതി-മത സ്പർധ ഒഴിവാക്കി ഉയർന്ന ചിന്താഗതിയോടെ ജീവിക്കാൻ നമുക്കാകണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഗാന്ധിജയന്തിദിന സന്ദേശം നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ജയമോൾ ജോസഫ്, ഐ ആൻഡ് പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു എന്നിവർ പ്രസംഗിച്ചു.
വാരാഘോഷത്തോടനുബന്ധിച്ച് തിരുനക്കര ഗാന്ധി ചത്വരത്തിലേക്ക് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ-സമാധാന സന്ദേശറാലി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ്, റെഡ്‌ക്രോസ് കേഡറ്റുകൾ, എക്‌സൈസ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു. വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന്(ചൊവ്വാഴ്ച, ഒക്‌ടോബർ 3) സ്‌കൂളുകളിൽ ഗാന്ധി അനുസ്മരണ പരിപാടികൾ നടക്കും.

 

 

 

 

 

date