Skip to main content
ജനറൽ ആശുപത്രി പുതിയ ബ്ലോക്ക് വൈകാതെ ഉദ്ഘാടനം ചെയ്യും- മന്ത്രി വീണ ജോർജ് 

ജനറൽ ആശുപത്രി പുതിയ ബ്ലോക്ക് വൈകാതെ ഉദ്ഘാടനം ചെയ്യും- മന്ത്രി വീണ ജോർജ് 

ആലപ്പുഴ:  നിർമ്മാണം പൂർത്തീകരിച്ച ജനറൽ ആശുപത്രിയിലെ ഓ പി ബ്ലോക്ക് കെട്ടിടം വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് 
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആർദ്രം ആരോഗ്യപദ്ധതിയുടെ ഭാഗമായി ആശുപത്രി വികസനം വിലയിരുത്തുന്നതിന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു മന്ത്രി. പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി അതിലേക്ക് ആവശ്യമായ ഉപകരണങ്ങൾ 
എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും അവിടെ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കേണ്ട നടപടികൾ തുടരുകയായിരുന്നു. ഇത് ഇപ്പോൾ പൂർത്തിയാക്കി ട്രയൽ രൺ നടത്തി വിജയകരമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടി പൂർത്തിയായ സ്ഥിതിക്ക് പുതിയ ഓ.പിയിലേക്ക് മാറുമ്പോൾ ഉള്ള സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തി എത്രയും വേഗം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 

ജില്ലക്കനുവദിച്ച കാത്ത് ലാബ് ഇവിടെ സ്ഥാപിക്കാൻ കഴിയാതെ വന്നത് ടെക്ക്‌നിക്കൽ കമ്മറ്റി ചില അപാകങ്ങൾ കണ്ടെത്തിയതുകൊണ്ടാണ്. കാത്ത് ലാബ് ഇൻസ്റ്റാൾ ചെയ്യേണ്ട സ്ഥലത്ത് ഈർപ്പവും പൂപ്പലും കണ്ടെത്തി. അതിനാൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഏഴ് വർഷം മുമ്പ് ജില്ല ജനറൽ ആശുപത്രികളിൽ  കാത്ത് ലാബ് എന്ന സംവിധാനം പോലും  ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ 11 ജില്ലകളിൽ കാത്ത് ലാബ് ഇത്തരത്തിൽ പ്രവർത്തിക്കുന്നു.  സൂപ്പർസ്‌പെഷ്യാലിറ്റി സൗകര്യങ്ങളുടെ  വികേന്ദ്രീകരിക്കണം എന്നതാണ് സർക്കാർ നയം. കാത്തു ലാബ് സ്ഥാപിക്കുന്നതിൽ നിന്ന് ജില്ലയെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എ എം ആരിഫ് എം.പി., എച്ച്.സലാം എന്നിവർ ഇക്കാര്യത്തിൽ നിരന്തരം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും സന്ദർശിച്ചു അവിടേക്ക് ആവശ്യമായ സൗകര്യങ്ങൾ, ജനങ്ങൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിലയിരുത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു . ജനറൽ ആശുപത്രിയിലെ എയ്ഡ് പോസ്റ്റ്  സൗകര്യം പുനസ്ഥാപിക്കുന്നതിന് ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.  

ഇ-ഹെൽത്ത് , ആശുപത്രികളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ച് സമാന്തര ഊർജ്ജം കണ്ടെത്തൽ എന്നിവയ്ക്ക് വകുപ്പ് പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  രാവിലെ 12മണിയോടെ ജനറൽ ആശുപത്രിയിലെത്തിയ മന്ത്രി സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡ്, അസ്ഥി രോഗ വാർഡ്, മെഡിക്കൽ ലബോറട്ടറി എന്നിവിടങ്ങളും സന്ദർശിച്ചു. രോഗികളുമായും ലാബ് സൗകര്യം സംബന്ധിച്ച് കൂട്ടിരുപ്പുകാരുമായും സംസാരിച്ചാണ് മടങ്ങിയത്. തുടർന്ന് ബീച്ചിലെ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. എ.എം.ആരിഫ് എം.പി., എച്ച്.സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന, ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗ്ഗീസ്,  ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.രാജൻ, ആർ.എം.ഓ ഡോ.എം.ആശ, നഗരസഭാ കൗൺസിലർമാർ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി.

date