Skip to main content
കാലത്തിനനുസരിച്ച് പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം-ജില്ലാ കളക്ടർ 

കാലത്തിനനുസരിച്ച് പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം-ജില്ലാ കളക്ടർ 

ആലപ്പുഴ: എഞ്ചിനീയറിംഗ്, ഐടി മേഖലകൾ ഉൾപ്പെടെ വിദ്യാഭ്യാസമേഖല അതിവേഗ മാറ്റങ്ങൾക്ക് വിധേമാണെന്നും കാലത്തിനനുസരിച്ചുള്ള പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാകളക്ടർ ഹരിത വി കുമാർ. ജില്ലാ ഭരണകൂടവും സംസ്ഥാന ഐ ടി മിഷനും ഐ.ബി.എമ്മുമായി ചേർന്ന്  ബിരുദധാരികൾക്കായി ആവിഷ്‌കരിച്ച കമ്മ്യൂണിറ്റി അഡ്വാൻസ്മെന്റ് നെറ്റ് വർക്ക് (ക്യാൻ) പദ്ധതി കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സയൻസ് ഒളിമ്പ്യാഡ്, മാത്സ്് ഒളിമ്പ്യാഡ് തുടങ്ങി വിവിധ തലങ്ങളിലുള്ള മത്സര പരീക്ഷകൾക്ക് വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇൻറർനെറ്റ് കണക്റ്റിവിറ്റിയുടെ പുതിയ കാലത്ത് പുതിയ സാധ്യതകൾ കണ്ടെത്തണം- കളക്ടർ പറഞ്ഞു. സബ്കളക്ടർ സൂരജ് ഷാജിയാണ് പദ്ധതി ജില്ലയിൽ മുന്നോട്ടു കൊണ്ടുപോവുകയെന്നും കളക്ടർ പറഞ്ഞു. 
 
എൻജിനിയറിങ്, ഐ.ടി ബിരുദധാരികൾക്ക് 54 മണിക്കൂർ നേരത്തെ പരിശീലനം അസാപ്പിൽ നൽകുന്ന വിധമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഭാഗമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയുള്ള മേഖലകളിലാണ് പരിശീലനം നൽകുന്നത്. കമ്പ്യൂട്ടർ അനുബന്ധമായ ബിരുദധാരികൾളെ ഡിജിറ്റൽ മേഖലകളിൽ തൊഴിൽ നേടാൻ പ്രാപ്തിയുള്ളവരാക്കുക എന്നതാണ്  ലക്ഷ്യമിടുന്നത്. 160 ഓളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80 അപേക്ഷകർക്ക് പ്രാഥമിക പരീക്ഷ നടത്തുകയും പ്രാഥമിക പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 42 അപേക്ഷകർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വിജയകരമായി പരീശീലനം പൂർത്തിയാക്കുന്ന  ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഐബിഎമ്മിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും. ചടങ്ങിൽ സബ്കളക്ടർ സൂരജ് ഷാജി, എ.ഡി.എം.എസ്.സന്തോഷ്‌കൂമാർ, ഐ.ടി.മിഷൻ ജില്ല പ്രോജക്ട് മാനേജർ വിഷ്ണു കെ.മോഹൻ,  ജില്ല ഐ.ടി.സെൽ കോ-ഓഡിനേറ്റർ സുബീഷ് എ, ജൂനിയർ സൂപ്രണ്ട് കെ.വിജയകുമാർ  എന്നിവർ പങ്കെടുത്തു.

date