Skip to main content
ദുരിതജീവിതത്തിന് അറുതി, ചന്ദ്രമോഹൻ ഇനി ഗാന്ധിഭവന്റെ തണലിൽ

ദുരിതജീവിതത്തിന് അറുതി, ചന്ദ്രമോഹൻ ഇനി ഗാന്ധിഭവന്റെ തണലിൽ

ആലപ്പുഴ: ദുരിതജീവിതത്തിൽ  നിന്നു മോചനം... ചന്ദ്രമോഹൻ ഇനി ഗാന്ധിഭവന്റെ തണലിൽ. സാമൂഹ്യനീതി വകുപ്പിൻ്റെ വയോരക്ഷ പദ്ധതി ആശ്വാസമേകി.
വെള്ളക്കിണർ  വാർഡിൽ പരുത്തിപ്പള്ളിൽ ചന്ദ്രമോഹനെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. രണ്ടുമാസമായി കിടപ്പിലായ ചന്ദ്രമോഹന്റെ ശരീരമാസകലം വ്രണങ്ങളുണ്ടായി പഴുത്ത് അഴുകുന്ന നിലയിലാണ്. 
സാമ്പത്തികപ്രയാസം കാരണം തന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തിട്ട് മറ്റൊരു മുറിയിൽ താമസിച്ചുവരികയായിരുന്ന ചന്ദ്രമോഹന്റെ അവസ്ഥ എച്ച്.  സലാം എം.എൽ.എ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അറിയിച്ചതിനെത്തുടർന്ന്  ഗാന്ധിഭവൻ അധികാരികൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വിവരം അറിയിച്ചത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ  എ.ഒ അബീൻ ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ ചന്ദ്രമോഹനൻ്റെ വീട് സന്ദർശിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ചന്ദ്ര മോഹനൻ്റെ പരിചരണത്തിനായി എത്തി. അടിയന്തര ചികിത്സക്കായി ചന്ദ്ര മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും തുടർന്ന് ഗാന്ധിഭവൻ്റെ ചുമതലയിൽ സംരക്ഷിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചു.  അടിയന്തര ചികിത്സക്കും പുനരധിവാസത്തിനുമായി സാമൂഹ്യനീതി വകുപ്പിൻ്റെ വയോരക്ഷ പദ്ധതി പ്രകാരമുള്ള സഹായം ലഭ്യമാക്കും. അയൽവാസികൾ  ഭക്ഷണം കൊണ്ടുപോയി കിടക്കയ്ക്കരികിൽ വയ്ക്കുമെങ്കിലും അതെടുത്ത് കഴിക്കാൻ പോലുമുള്ള കഴിവില്ലായിരുന്നു ചന്ദ്രമോഹന്.
ഇടയ്ക്ക് ലഭിക്കുന്ന പാലിയേറ്റീവ് പരിചരണം മാത്രമായിരുന്നു ഏക ആശ്വാസം.

എ.എം. ആരിഫ് എം.പി,
എച്ച്. സലാം എം.എൽ.എ, ആലപ്പുഴ നഗരസഭാ വൈസ്ചെയർമാൻ  പി.എസ്.എം. ഹുസൈൻ,ജില്ല സാമൂഹ്യനീതി ഓഫീസർ ഏ.ഒ. അബീൻ, സീനിയർ സൂപ്രണ്ട് ദീപു, ആരോഗ്യപ്രവർത്തക സുകന്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി ബി. മുഹമ്മദ് ഷെമീർ, സേവനപ്രവർത്തകരായ സനൽകുമാർ, കിരൺ, അനന്തു എന്നിവരെത്തി ചന്ദ്രമോഹനെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു.

date