Skip to main content

നവ കേരള സദസ്സിനായി അങ്കമാലി ഒരുങ്ങുന്നു

 

പരാതികൾ സ്വീകരിക്കുന്നതിനായി 20 പ്രത്യേക കൗണ്ടറുകൾ

നവ കേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന നവ കേരള സദസ്സിനായി അങ്കമാലിയിൽ ഒരുക്കങ്ങൾ ആരംഭിച്ചു.   പരിപാടി നടക്കുന്ന സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്ത് പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. 29000  ചതുരശ്ര അടിയിൽ എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയാണ് പന്തൽ നിർമ്മിക്കുന്നത്.

 പൊതുജനങ്ങൾക്ക് വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനും പരാതികൾ നൽകുന്നതിനുമായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും. ഡിസംബർ ഏഴിന്  രാവിലെ 11  മുതൽ പൊതുജനങ്ങൾക്ക് കൗണ്ടറുകളിൽ എത്തി പരാതികളും വികസന കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും നൽകാവുന്നതാണ്. ടോക്കൺ നൽകുന്നതിനുള്ള ഒരു കൗണ്ടർ ഉൾപ്പെടെ 21 കൗണ്ടറുകളാണ് വേദിയിൽ സജ്ജീകരിക്കുക. ഭിന്നശേഷിക്കാർക്കായി രണ്ട് വീതവും മുതിർന്ന പൗരന്മാർക്കായി നാല് വീതവും വനിതകൾക്കായി അഞ്ചു വീതവും  പൊതു വിഭാഗങ്ങൾക്കായി ഒമ്പത് വീതവും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.

അയ്യായിരം പേരെ പങ്കെടുപ്പിക്കാവുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് കുടി വെള്ളം, ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും.

വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് അങ്കമാലി മണ്ഡലത്തിൽ നവ കേരള സദസിന്റെ ഭാഗമായി നടന്നുവരുന്നത്.  പ്രചാരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി മിനി മാരത്തോൺ, സംഗീത സദസ്, ഫുഡ്ബോൾ മാച്ച്, ക്രിക്കറ്റ് ടൂർണ്ണമെന്റ്, സെമിനാർ, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.

ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന്  അങ്കമാലി ജോസഫ് ഹൈസ്കൂൾ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക നവ കേരളനിർമ്മിതിക്കായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.

date