Skip to main content
നവകേരള സദസ്സ്; അസാപ് കേരള നൈപുണ്യ ശില്‍പശാല സംഘടിപ്പിച്ചു

നവകേരള സദസ്സ്; അസാപ് കേരള നൈപുണ്യ ശില്‍പശാല സംഘടിപ്പിച്ചു

നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ അസാപ് കേരളയുടെ സഹകരണത്തോടെ നൈപുണ്യ ശില്‍പശാല സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ സൈബര്‍ ഫോറന്‍സിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, യു.എസ് ടാക്സേഷന്‍ രംഗത്തെ എന്റോള്‍ഡ് ഏജന്റ് തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ എന്നിവ പരിചയപ്പെടുത്തി.

ഫ്യൂച്ചറിസ്റ്റിക്ക് സ്‌കില്‍സ് എന്ന വിഷയത്തില്‍ നിയാസ് അലി പുളിക്കല്‍ ക്ലാസ് നയിച്ചു. എ.ആര്‍/ വി.ആര്‍ സാങ്കേതിക വിദ്യ എന്ന വിഷയത്തില്‍ ജി.എം നവീന്‍ ശങ്കര്‍, കെ.എസ്. അഖിലേഷ് എന്നിവരും, സൈബര്‍ ഫോറന്‍സിക് എന്ന വിഷയത്തില്‍ വി.ജെ. റെജി വസന്തും യു.എസ് ടാക്‌സേഷന്‍ രംഗത്തെ എന്റോള്‍ഡ് ഏജന്റ് അവസരങ്ങള്‍ എന്ന വിഷയത്തില്‍ സി.എ. വിഷ്ണു, കെ.എസ്. ഗുപ്ത എന്നിവരും ക്ലാസുകള്‍ നയിച്ചു.
 
ശില്‍പശാലയില്‍ അസാപ് കേരള ട്രെയിനിംഗ് ഹെഡ് ടി. സജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശക സമിതി അംഗവുമായ ലളിത ബാലന്‍ മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.  ചിറ്റിലപ്പിള്ളി, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി ബിനു, അസാപ് പ്രോഗ്രാം മാനേജര്‍ പി. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date