Skip to main content

സമൂഹങ്ങള്‍ നയിക്കട്ടെ എന്ന സന്ദേശവുമായി എയ്ഡ്‌സ് ദിനാചരണം

*കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് 
 
'സമൂഹങ്ങള്‍ നയിക്കട്ടെ' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനാചരണം. കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവാണ് കഴിഞ്ഞകാലങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2005-2023 കാലയളവില്‍ 1585 രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ വര്‍ഷവും ചികിത്സ തേടുന്നവരുടെയും മരണനിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. അതിഥിത്തൊഴിലാളികള്‍ കൂടുതലുള്ള മേഖലയില്‍ എയ്ഡ്സ് രോഗം കൂടുതലാണെന്നും മേഖലയിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തില്‍ ഏറെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം 1,35,671 പേരെ സ്‌ക്രീനിങ്ങിന് വിധേയരാക്കിയതില്‍ 157 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഈ വര്‍ഷം 1,34,238 സ്‌ക്രീനിംഗ് പേരില്‍ നടത്തിയതില്‍ ഇതുവരെ 78 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

മരണ നിരക്ക്

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 63 പേരാണ് എച്ച്‌ഐവി ബാധിതരായി മരിച്ചത്. ഈ വര്‍ഷം ഇതുവരെ 37 പേരും. ചികിത്സതേടാത്തവരുടെ മരണം നിരക്കില്‍ വര്‍ദ്ധനവുണ്ട്. 

എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ 

ആരോഗ്യവകുപ്പിന്റെയും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ എയ്ഡ്‌സ് ദിനാചരണ പരിപാടികളാണ് ജില്ലയില്‍ ഉടനീളം നടക്കുന്നത്. 

തൃശ്ശൂര്‍ ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ റെഡ് റിബണ്‍ ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിളംബരറാലിയോട്കൂടി ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിമല കോളേജ് മുതല്‍ കേരള പോലീസ് അക്കാദമി വരെയാണ് വിളംബര റാലി. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. ബൈജു ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. തൃശ്ശൂര്‍ വിമല കോളേജില്‍ സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുഖ്യാതിഥിയാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന വിശിഷ്ടാതിഥിയാകും. എച്ച്.ഐ.വി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. 

എയ്ഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എച്ച്‌ഐവി പോസിറ്റീവ് ആയവര്‍ക്കായി ജ്യോതിസ്സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ മൂന്നു തവണ രക്തപരിശോധന നടത്തിയാണ് എച്ച്ഐവി സ്ഥിരീകരിക്കുന്നത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ഉഷസ്സ് കേന്ദ്രത്തിലേക്ക് അയ്ക്കും. ഇവിടെ ഒ.പി, ഐ.പി വിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാണ്. തുടര്‍ സേവനങ്ങള്‍ക്കായി കെയര്‍ ആന്റ് സപ്പോര്‍ട്ട് കേന്ദ്രങ്ങളുമുണ്ട്. ലൈംഗികജന്യ രോഗചികിത്സയ്ക്ക് പുലരി കേന്ദ്രങ്ങളുടെയും സേവനം ലഭ്യമാണ്. എച്ച്‌ഐവി വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരെ സ്‌ക്രീനിങ് ടെസ്റ്റ് നടത്താനായി നാലു ടി.ഐ പ്രോജക്ടുകളും ബോധവല്‍ക്കരണത്തിനായി ഐ.ഇ.സി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

date