Skip to main content

നവകേരള സദസ്സിന് ഒരുങ്ങി വടക്കാഞ്ചേരി

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിന് ആരോഗ്യ സര്‍വകലാശാല മൈതാനത്ത് നടക്കും.  കിലയില്‍ നടക്കുന്ന പ്രഭാത യോഗത്തിലും വടക്കാഞ്ചേരി നവകേരള സദസ്സിലുമെത്തുന്ന  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാന്‍ വടക്കാഞ്ചേരി ഒരുങ്ങിക്കഴിഞ്ഞു.

സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനാകും. നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജകമണ്ഡലം സംഘാടക സമിതി കണ്‍വീനര്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി മീര സ്വാഗതം പറയും.

ഉച്ചയ്ക്ക് 12 മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കും. 20 കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേകമായി  മൂന്ന് കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.  ഓരോ കൗണ്ടറിലും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരും സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥനും, തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.   

സംഘാടക സമിതികള്‍, വീട്ടുമുറ്റ യോഗങ്ങള്‍, മണ്ഡല വികസന സെമിനാറുകള്‍, കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം, നവകേരളം ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കൂട്ടയോട്ടം, വനിതകളുടെ ടൂവീലര്‍ റാലി, സൗഹൃദ ഫുട്‌ബോള്‍ മത്സരം, മെഗാ തിരുവാതിര, പഞ്ചഗുസ്തി മത്സരം, പാട്ടരങ്ങ്, കളരിപ്പയറ്റ്, തായ്കോണ്ടോ അഭ്യാസം, മെഹന്തി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കാല്‍നട പ്രചാരണ ജാഥ, വിളംബര ജാഥ , റോക്‌സ് ഓണ്‍ റോഡ്, കലാജാഥ, നവകേരള ദീപം തെളിയിക്കല്‍ തുടങ്ങിയ  വേറിട്ട പ്രചാരണ പരിപാടികളാണ് നവകേരള സദസ്സിന് മുന്നോടിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ സംഘാടക സമിതി ഒരുക്കിയത്.

നവകേരള സദസ്സ് വേദിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍  കലാപരിപാടികള്‍ ആരംഭിക്കും. കൊള്ളന്നൂര്‍ ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്റും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. പാഴ്വസ്തുക്കള്‍ കൊണ്ട് സംഗീത വിരുന്ന് ഒരുക്കി ശ്രദ്ധേയരായ കൈപ്പറമ്പ് കൊള്ളന്നൂരിലെ കുട്ടികളുടെ സംഘം അവതരിപ്പിക്കുന്ന 'ഡബ്ബാ ബീറ്റ്'  പരിപാടിയും നടക്കും. 

നവകേരള സദസ്സിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.  എഴുനൂറോളം വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

date