Skip to main content

നവകേരള സദസ്സിനെ വരവേൽക്കാൻ ഇരിങ്ങാലക്കുട ഒരുങ്ങി

നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം.  ഡിസംബർ 6ന് വൈകിട്ട് 4 നു ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലാണ്  നവകേരള സദസ്സ് നടക്കുന്നത്. മണ്ഡലത്തിൽ ഉടനീളം വിവിധ പരിപാടികളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഡിസംബർ 4 ന്  കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് മുനിസിപ്പൽ മൈതാനിയിലേക്ക് വിളംബര ജാഥ നടത്തും. വാദ്യഘോഷ അകമ്പടിയോടു കൂടി മണ്ഡലത്തിലെ പൗരപ്രമുഖരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിളംബര ജാഥയിൽ പങ്കെടുക്കും. ശേഷം വൈകിട്ട് 4 ന് ക്രമസമാധാനവും തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള മോക്ക്ഡ്രിൽ നടക്കും. 

ഡിസംബർ 6ന് ഉച്ചയ്ക്ക് രണ്ടുമുതൽ  നവകേരള സദസ്സ് വേദിയിൽ എടപ്പാൾ വിശ്വനാഥും ഫിറോസ് ബാബുവും ചേർന്ന് സംഗീതവിരുന്ന് ഒരുക്കും. 
25 കൗണ്ടറുകളിലൂടെ പരാതികൾ സ്വീകരിക്കും. 

മണ്ഡലത്തിലെ വിവിധ കോളേജുകളിലെ  എൻഎസ്എസ്, എൻസിസി  വിദ്യാർത്ഥികൾ ഉൾപ്പെടെ 500ലധികം പേർ വളണ്ടിയർമാരായി ഉണ്ടാകും. കൂടാതെ  ആശാവർക്കർമാർ, അംഗനവാടി അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും വേദിയിലെ പ്രവർത്തനങ്ങളിൽ പങ്കുചേരും. 

ആഘോഷപൂർണ്ണമായി മാറിയ പ്രചാരണം

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി  പ്രസിഡന്റ്മാരുടെയും  സെക്രട്ടറിമാരുടെയും ജനപ്രതിനിധികളുടെയും ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ ,വിവിധ മേഖലയിലെ പ്രമുഖർ  തുടങ്ങിയവരും ജാഥയിൽ അണിനിരന്നു.

 നവകേരള സദസ്സ് ലോഗോ മാതൃകയിൽ  ദീപം തെളിയിച്ച്  സബ് കളക്ടർ മുഹമ്മദ് ഷഫീഖ്  ഉദ്ഘാടനം നിർവഹിച്ച ഐക്യ കേരള ദീപ ജ്വാലയും ശ്രദ്ധേയമായിരുന്നു. 
ആടിയും പാടിയും ചിന്തിപ്പിച്ചും നടന്ന കവിയരങ്ങും പ്രചരണ പരിപാടികളിൽ ഏറെ ജനശ്രദ്ധ ആകർഷിച്ചു. 

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകർക്കായി കലോത്സവവും നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ചു. ഒപ്പന, തിരുവാതിരക്കളി, വടംവലി, തുടങ്ങിയ മത്സരങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ ഊർജ്ജസ്വലരായി പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ  കലാവിരുന്നും ഒരുക്കിയിരുന്നു.

ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌ കോളേജിൽ അസാപ് കേരളയുടെ സഹകരണത്തോടെ നൈപുണ്യ ശില്പശാല, മൂരിയാട് ഗ്രാമപഞ്ചായത്തിൽ നാടിന്റെ രുചി അറിയാൻ എന്ന ആശയം മുന്നിൽവെച്ച പോഷകാഹാര പ്രദർശനം, ആളൂർ ഗ്രാമപഞ്ചായത്തും ഇരിങ്ങാലക്കുട  ബി ആർ സി യും നിപ്മറും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം, സ്ത്രീകൾക്കായി നൈറ്റ് വാക്ക്, വയോജന കൂട്ടായ്മ 'വയോസ്മിതം', അയ്യങ്കാളി സ്ക്വയറിൽ നടന്ന പാട്ടുകൂട്ടം തുടങ്ങിയ നിരവധി പരിപാടികളാണ് നവകേരള സദസ്സ് പ്രചരണാർത്ഥം നടന്നത്.

ഇരിങ്ങാലക്കുട ആർ ഡി ഓ  എം കെ ഷാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൻ, പഞ്ചായത്ത് പ്രസിഡന്റുമാരും, റിസപ്ഷൻ കമ്മിറ്റി ചെയര്പേഴ്സൻ അഡ്വ.കെ ആർ വിജയ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ 
സഹകരണത്തോടെയാണ് 
പരിപാടികൾ നടന്നത്.

date