Skip to main content

നവകേരള സദസ്സിന് ഒരുങ്ങി നാട്ടിക

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാട്ടിക നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ അഞ്ചിന് നടക്കും. തൃപ്രയാര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയിൽ സി സി മുകുന്ദന്‍ എം എല്‍ എ അധ്യക്ഷനാകും. നവകേരള സദസ്സ് നാട്ടിക നിയോജകമണ്ഡലം സംഘാടക സമിതി കണ്‍വീനര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി ആർ ജയചന്ദ്രൻ സ്വാഗതം പറയും.
   
രാവിലെ 10.30 മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കും. 20 കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടണ്ട്. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകമായി  കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.  ഓരോ കൗണ്ടറിലും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരും സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥനും, തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരും ഉണ്ടാകും. നവകേരള സദസ്സിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും  ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന്റെ നടത്തിപ്പിനായി 2500 വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.

സംഘാടക സമിതികള്‍, വീട്ടുമുറ്റ യോഗങ്ങള്‍, മണ്ഡല വികസന സെമിനാറുകള്‍, ഫ്ളാഷ് മോബ്, കൂട്ടയോട്ടം, വനിതകളുടെ ടൂവീലര്‍ റാലി, മെഗാ തിരുവാതിര,  കാല്‍നട പ്രചാരണ ജാഥ, വിളംബര ജാഥ , പാട്ടും വരയും, നവകേരള ദീപം തെളിയിക്കല്‍ തുടങ്ങിയ നിരവധി വേറിട്ട പ്രചരണ പരിപാടികളാണ് നവകേരള സദസ്സിന് മുന്നോടിയായി  മണ്ഡലത്തില്‍ സംഘാടക സമിതി ഒരുക്കിയത്.

നവകേരള സദസ്സ് വേദിയില്‍ ഒരു മണി മുതല്‍  കലാപരിപാടികള്‍ ആരംഭിക്കും. ഒരു മണിക്ക് ധ്വനി മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതവും 1.30 ന് ഗോപിക നന്ദന ആന്‍ഡ് ടീമിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറും. രണ്ട് മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന മേളവും നടക്കും.

date